Skip to content

മലയാള മണ്ണിൽ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം നാളെ തിരുവനന്തപുരത്ത് നടക്കുകയാണ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ പരമ്പര ഇതിനോടകം സ്വന്തമാക്കികഴിഞ്ഞു. കേരള മണ്ണിൽ നടക്കുന്ന മൂന്നാം ഏകദിനത്തിൽ തകർപ്പൻ റെക്കോർഡാണ് കിങ് കോഹ്ലിയെ കാത്തിരിക്കുന്നത്.

പരമ്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ചുറി നേടി മികച്ച പ്രകടനം വിരാട് കോഹ്ലി കാഴ്ച്ചവെച്ചിരുന്നു. തിരുവനന്തപുരത്ത് നടക്കുന്ന മൂന്നാം ഏകദിനത്തിൽ 63 റൺസ് കൂടെ നേടിയാൽ ശ്രീലങ്കൻ ഇതിഹാസം മഹേള ജയവർധനെയെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന അഞ്ചാമത്തെ ബാറ്റ്സ്മാനെന്ന ചരിത്രറെക്കോർഡ് കിങ് കോഹ്ലിയ്ക്ക് സ്വന്തമാക്കാം.

നിലവിൽ 258 ഇന്നിങ്സിൽ നിന്നും 57.47 ശരാശരിയിൽ 12588 റൺസ് കോഹ്ലി നേടിയിട്ടുണ്ട്. 418 ഇന്നിങ്സിൽ നിന്നും 12650 റൺസാണ് മഹേള ജയവർധനെ നേടിയിട്ടുള്ളത്.

ആദ്യ മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ ഏകദിന ക്രിക്കറ്റിൽ സ്വന്തം രാജ്യത്ത് ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ബാറ്റ്സ്മാനെന്ന റെക്കോർഡിൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം വിരാട് കോഹ്ലി എത്തിയിരുന്നു. 20 സെഞ്ചുറിയാണ് ഇരുവരും ഹോമിൽ നേടിയിട്ടുള്ളത്. തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തിൽ സെഞ്ചുറി നേടുവാൻ സാധിച്ചാൽ ഈ റെക്കോർഡിൽ സച്ചിനെ പിന്നിലാക്കികൊണ്ട് ഒന്നാം സ്ഥാനത്തെത്തുവാൻ കോഹ്ലിയ്ക്ക് സാധിക്കും.