Skip to content

8 വിക്കറ്റ് വീഴ്ത്തി സക്സേന, സർവീസസിനെതിരെ തകർപ്പൻ വിജയം കുറിച്ച് കേരളം

രഞ്ജി ട്രോഫിയിൽ സർവീസസിനെതിരായ നിർണ്ണായക മത്സരത്തിൽ 204 റൺസിൻ്റെ തകർപ്പൻ വിജയം കുറിച്ച് കേരളം. മത്സരത്തിൽ കേരളം ഉയർത്തിയ 341 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന സർവീസസിന് 136 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

15.4 ഓവറിൽ 36 റൺസ് വഴങ്ങി 8 വിക്കറ്റുകൾ വീഴ്ത്തിയ ജലജ് സക്സേനയാണ് സർവീസസിനെ തകർത്തത്. രണ്ട് താരങ്ങൾ മാത്രമാണ് സർവീസസിന് വേണ്ടി രണ്ടക്കം കടന്നത്. ഈ സീസണിലെ കേരളത്തിൻ്റെ മൂന്നാം വിജയം കൂടിയാണിത്. കഴിഞ്ഞ മത്സരത്തിൽ ഗോവയോട് പരാജയപെട്ട കേരളത്തിന് ഈ മത്സരത്തിൽ വിജയം അനിവാര്യമായിരുന്നു.

നേരത്തെ ആദ്യ ഇന്നിങ്സിൽ 98 റൺസിൻ്റെ ലീഡ് നേടിയ കേരളം രണ്ടാം ഇന്നിങ്സിൽ 7 വിക്കറ്റ് നഷ്ടത്തിൽ 242 റൺസ് നേടി ഡിക്ലയർ ചെയ്തിരുന്നു. 109 പന്തിൽ 93 റൺസ് നേടിയ സച്ചിൻ ബേബി, 48 റൺസ് നേടിയ വത്സൽ ഗോവിന്ദ്, 40 റൺസ് നേടിയ സൽമാൻ നിസാർ എന്നിവരാണ് കേരളത്തിന് വേണ്ടി തിളങ്ങിയത്. ആദ്യ ഇന്നിങ്സിലും സച്ചിൻ ബേബി തന്നെയായിരുന്നു കേരളത്തിന് വേണ്ടി തിളങ്ങിയത്. 308 പന്തിൽ 159 റൺസ് ആദ്യ ഇന്നിങ്സിൽ സച്ചിൻ ബേബി നേടിയിരുന്നു.