Skip to content

തകർച്ചയിൽ രക്ഷകനായി കെ എൽ രാഹുൽ, വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ

ശ്രീലങ്കയ്ക്കെതിരായ രണ്ടാം മത്സരത്തിലും വിജയം കുറിച്ച് ഇന്ത്യ. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. മറ്റുള്ളവർ നിറംമങ്ങിയപ്പോൾ കരുതലോടെയുള്ള കെ എൽ രാഹുലിൻ്റെ ബാറ്റിങാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 216 റൺസിൻ്റെ വിജയലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തിൽ 43.2 ഓവറിൽ ഇന്ത്യ മറികടന്നു. മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 2-0 ന് ഇന്ത്യ സ്വന്തമാക്കി.

അനായസ വിജയം പ്രതീക്ഷിച്ചെത്തിയ ഇന്ത്യയ്ക്ക് 41 റൺസ് എടുക്കുന്നതിനിടെ ഓപ്പണർമാരായ ഗില്ലിനെയും രോഹിത് ശർമ്മയെയും നഷ്ടപെട്ടിരുന്നു. രോഹിത് 17 റൺസും ശുഭ്മാൻ ഗിൽ 21 റൺസും നേടിയാണ് പുറത്തായത്. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ വിരാട് കോഹ്ലി 4 റൺസ് നേടി പുറത്തായപ്പോൾ ശ്രേയസ് അയ്യർ 33 പന്തിൽ 28 റൺസ് നേടി പുറത്തായി.

84 റൺസിന് നാല് വിക്കറ്റ് നഷ്ടപ്പെട്ട് തകർന്ന ഇന്ത്യയെ കെ എൽ രാഹുലും ഹാർദിക്ക് പാണ്ഡ്യയും ചേർന്നാണ് രക്ഷിച്ചത്. അഞ്ചാം വിക്കറ്റിൽ 77 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ഹാർദിക്ക് പാണ്ഡ്യ 53 പന്തിൽ 36 റൺസ് നേടി പുറത്തായപ്പോൾ കെ എൽ രാഹുൽ 103 പന്തിൽ 64 റൺസ് നേടി പുറത്താകാതെ നിന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ കുൽദീപ് യാദവിൻ്റെയും മൊഹമ്മദ് സിറാജിൻ്റെയും ബൗളിങ് മികവിലാണ് ഇന്ത്യ 215 റൺസിൽ ചുരുക്കികെട്ടിയത്. കുൽദീപ് പത്തോവറിൽ 51 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയപ്പോൾ മൊഹമ്മദ് സിറാജ് 5.4 ഓവറിൽ 30 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ഉമ്രാൻ മാലിക്ക് രണ്ട് വിക്കറ്റും അക്ഷർ പട്ടേൽ ഒരു വിക്കറ്റും നേടി. 63 പന്തിൽ 50 റൺസ് നേടിയ നുവനിധു ഫെർണാണ്ടോ മാത്രമാണ് ശ്രീലങ്കൻ ബാറ്റിങ് നിരയിൽ തിളങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ ഷണക രണ്ട് റൺസ് നേടി പുറത്തായി.

മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0 ന് ഇന്ത്യ സ്വന്തമാക്കി. ജനുവരി 15 ന് തിരുവനന്തപുരത്താണ് പരമ്പരയിലെ അവസാന മത്സരം.