Skip to content

രഞ്ജി ട്രോഫിയിൽ ട്രിപ്പിൾ സെഞ്ചുറിയുമായി തകർത്തടിച്ച് പൃഥ്വി ഷാ

രഞ്ജി ട്രോഫിയിൽ ട്രിപ്പിൾ സെഞ്ചുറി നേടി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് മുംബൈ ഓപ്പണർ പൃഥ്വി ഷാ. ആസാമിനെതിരായ മത്സരത്തിലെ ആദ്യ ഇന്നിങ്സിലായിരുന്നു താരം ട്രിപ്പിൾ സെഞ്ചുറി കുറിച്ചത്.

326 പന്തിൽ നിന്നും ട്രിപ്പിൾ സെഞ്ചുറി നേടിയ പൃഥ്വി ഷാ 400 റൺസിന് 21 റൺസ് മാത്രം അകലെ 383 പന്തിൽ 379 റൺസ് നേടിയാണ് പുറത്തായത്. 49 ഫോറും 4 സിക്സും മത്സരത്തിൽ താരം അടിച്ചുകൂട്ടി. രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറാണിത്. 1948 ൽ മഹാരാഷ്ട്രയ്ക്ക് വേണ്ടി പുറത്താകാതെ 443 റൺസ് നേടിയ ബി ബി നിംബൽക്കറാണ് ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ 400 റൺസ് നേടിയ ഒരേയൊരു ഇന്ത്യൻ ബാറ്റ്സ്മാൻ കൂടിയാണ് അദ്ദേഹം.

1991 ൽ ഹൈദരാബാദിനെതിരെ ബോംബെയ്ക്ക് വേണ്ടി 666 പന്തിൽ 377 റൺസ് നേടിയ സഞ്ജയ് മഞ്ജരേക്കറെ പിന്നിലാക്കിയാണ് ഈ നേട്ടത്തിൽ പൃഥ്വി ഷാ രണ്ടാം സ്ഥാനത്തെത്തിയത്.

മത്സരത്തിൽ രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ മുംബൈ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 598 റൺസ് നേടിയിട്ടുണ്ട്. 252 പന്തിൽ 131 റൺസ് നേടിയ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ മുംബൈയ്ക്ക് വേണ്ടി ക്രീസിലുണ്ട്.