ആർച്ചറും ബ്രെവിസും തിളങ്ങി, റോയൽസിനെതിരെ തകർപ്പൻ വിജയം കുറിച്ച് മൈ കേപ്ടൗൺ

സൗത്താഫ്രിക്കയുടെ പുതിയ ടി20 ടൂർണമെൻ്റായ SA20 യ്‌ക്ക് ആവേശകരായ തുടക്കം. ലീഗിലെ ആദ്യ മത്സരത്തിൽ പാൾ റോയൽസിനെ മൈ കേപ്ടൗൺ 8 വിക്കറ്റിന് തകർക്കുകയും ബോണസ് പോയിൻ്റ് സ്വന്തമാക്കുകയും ചെയ്തു.

മത്സരത്തിൽ റോയൽസ് ഉയർത്തിയ 143 റൺസിൻ്റെ വിജയലക്ഷ്യം 15.3 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ മൈ കേപ്ടൗൺ മറികടന്നു. 41 പന്തിൽ 4 ഫോറും 5 സിക്സും ഉൾപ്പടെ 70 റൺസ് നേടിയ ഡെവാൾഡ് ബ്രെവിസാണ് കേപ്ടൗണിന് വേണ്ടി തിളങ്ങിയത്. റ്യാൻ റിക്കൽടൺ 33 പന്തിൽ 42 റൺസും സാം കറൻ 16 പന്തിൽ 20 റൺസും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാൾ റോയൽസ് 42 പന്തിൽ 51 റൺസ് നേടിയ ജോസ് ബട്ട്ലറുടെയും 31 പന്തിൽ 42 റൺസ് നേടിയ ക്യാപ്റ്റൻ ഡേവിഡ് മില്ലറുടെയും മികവിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. ഓയിൻ മോർഗൻ 15 പന്തിൽ 19 റൺസ് നേടി.

മൈ കേപ്ടൗണിന് വേണ്ടി ജോഫ്ര ആർച്ചർ നാലോവറിൽ 27 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ഒല്ലി സ്റ്റോൺ രണ്ട് വിക്കറ്റും നേടി. മത്സരത്തിൽ വിജയലക്ഷ്യം 16 ഓവറിനുള്ളിൽ മറികടന്നതോടെ വിജയത്തിനൊപ്പം ലഭിച്ച നാല് പോയിൻ്റിനൊപ്പം ഒരു ബോണസ് പോയിൻ്റും റാഷിദ് ഖാൻ നയിക്കുന്ന മൈ കേപ്ടൗണിന് ലഭിച്ചു. അടുത്ത മത്സരത്തിൽ ഡർബൻ സൂപ്പർ ജയൻ്റ്സും ജോഹന്നാസ്ബർഗ് സൂപ്പർ കിങ്സും തമ്മിൽ ഏറ്റുമുട്ടും.