Skip to content

അവനെ അങ്ങനെ പുറത്താക്കുന്നത് ശരിയല്ല, അപ്പീൽ പിൻവലിച്ചതിനെ കുറിച്ച് രോഹിത് ശർമ്മ

ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ശ്രീലങ്കൻ ക്യാപ്റ്റൻ ഷണകയ്ക്കെതിരായ റണ്ണൗട്ട് പിൻവലിച്ചതിനെ കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഷണക 98 റൺസ് നേടി നിൽക്കവെയാണ് നോൺ സ്ട്രൈക്കർ എൻഡിൽ താരത്തെ ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമി റണ്ണൗട്ടാക്കിയത്.

അവസാന ഓവറിലെ നാലാം പന്ത് എറിയവെയായിരുന്നു ക്രീസ് വിട്ടിറങ്ങിയ ശ്രീലങ്കൻ ക്യാപ്റ്റൻ ഷണകയെ നോൺ സ്ട്രൈക്കർ എൻഡിൽ ഷാമി റണ്ണൗട്ടാക്കിയത്. ഓൺ ഫീൽഡ് അമ്പയർ തീരുമാനം തേർഡ് അമ്പയർക്ക് വിടുവാനിരിക്കെ മൊഹമ്മദ് ഷാമിയോട് ആലോചിച്ച ശേഷം രോഹിത് ശർമ്മ അപ്പീൽ പിൻവലിക്കുകയായിരുന്നു. അതിന് പിന്നാലെ അഞ്ചാം പന്തിൽ ഷാമിയ്ക്കെതിരെ ഫോർ നേടികൊണ്ട് ഷണക അർഹിച്ച സെഞ്ചുറി നേടുകയും ചെയ്തു.

ഷണക വളരെ നന്നായി ബാറ്റ് ചെയ്തുവെന്നും അങ്ങനെ ബാറ്റ് ചെയ്യുന്ന ഒരാളെ ഇങ്ങനെ പുറത്താക്കുന്നത് ശരിയല്ലെന്നും അതുകൊണ്ടാണ് അപ്പീൽ പിൻവലിച്ചതെന്നും മത്സരശേഷം രോഹിത് ശർമ്മ പറഞ്ഞു.

” ഷാമി അത് ചെയ്തത് ഞാൻ അറിഞ്ഞില്ല. അവൻ 98 റൺസ് നേടി ബാറ്റ് ചെയ്യുകയായിരുന്നു. അവൻ വളരെ നന്നായി ബാറ്റ് ചെയ്യുകയായിരുന്നു. അവനെ അത്തരത്തിൽ പുറത്താക്കുന്നത് ശരിയല്ല. അവനെ അത്തരത്തിൽ പുറത്താക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല. അവൻ വളരെ നന്നായി കളിച്ചു. ” മത്സരശേഷം രോഹിത് ശർമ്മ പറഞ്ഞു.

വിരാട് കോഹ്ലിയുടെ സെഞ്ചുറി മികവിലാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 373 റൺസ് നേടിയത്. കോഹ്ലി 113 റൺസ് നേടിയപ്പോൾ രോഹിത് ശർമ്മ 83 റൺസും ശുഭ്മാൻ ഗിൽ 70 റൺസും നേടി. മറുപടി ബാറ്റിങിൽ സെഞ്ചുറി നേടിയ ഷണക, 72 റൺസ് നേടിയ പാതും നിസങ്ക എന്നിവരുടെ മികവിൽ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 306 റൺസ് നേടാനെ ശ്രീലങ്കയ്‌ക്ക് സാധിച്ചുള്ളൂ.