Skip to content

കോഹ്ലിയെ സച്ചിനുമായി താരതമ്യം ചെയ്യാനാകില്ല : ഗൗതം ഗംഭീർ

ശ്രീലങ്കയ്ക്കെതിരായ തകർപ്പൻ സെഞ്ചുറിയോടെ ഏകദിന ക്രിക്കറ്റിൽ സെഞ്ചുറികളുടെ എണ്ണത്തിൽ സച്ചിൻ ടെണ്ടുൽക്കറുമായുള്ള അകലം വീണ്ടും കുറച്ചിരിക്കുകയാണ് വിരാട് കോഹ്ലി. കോഹ്ലി എന്ന് സച്ചിനെ മറികടക്കുമെന്ന ചർച്ചകൾ വീണ്ടും സജീവമാകെ കോഹ്ലിയെ സച്ചിനുമായി താരതമ്യം ചെയ്യാനാകില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.

കോഹ്ലിയുടെ തകർപ്പൻ ഇന്നിങ്സിന് ശേഷം സ്റ്റാർ സ്പോർട്സിനോട് സംസാരിക്കവെയാണ് കോഹ്ലിയെ സച്ചിനുമായി താരതമ്യം ചെയ്യാനാകില്ലെന്ന് ഗംഭീർ തുറന്നുപറഞ്ഞത്. വ്യത്യസ്ത കാലഘട്ടങ്ങളിലെ കളിക്കാരെ തമ്മിൽ താരതമ്യം ചെയ്യുന്നത് ശരിയല്ലയെന്നും സച്ചിൻ്റെ കാലത്തെ ഫീൽഡിങ് നിയന്ത്രണങ്ങൾ വ്യത്യസ്തമായിരുന്നുവെന്നും ഗംഭീർ പറഞ്ഞു.

” വിരാടിനെ നിങ്ങൾക്ക് സച്ചിനുമായി താരതമ്യം ചെയ്യാനാകില്ല. സച്ചിൻ്റെ കാലത്ത് 30 യാർഡ് സർക്കിളിൽ അഞ്ച് ഫീൽഡർമാർ ഉണ്ടായിരുന്നില്ല. ” ഗംഭീർ പറഞ്ഞു.

ഏകദിന ക്രിക്കറ്റിലെ തൻ്റെ 45 ആം സെഞ്ചുറിയാണ് മത്സരത്തിൽ വിരാട് കോഹ്ലി നേടിയത്. ഏകദിന ക്രിക്കറ്റിൽ സച്ചിനെ പിന്നിലാക്കുവാൻ ഇനി അഞ്ച് സെഞ്ചുറി മാത്രമാണ് കോഹ്ലിയ്‌ക്ക് വേണ്ടത്.

മത്സരത്തിൽ ശ്രീലങ്കൻ ബൗളിങ് നിരയുടെ പ്രകടനം ശരാശരി മാത്രമായിരുന്നുവെന്നും രോഹിത് ശർമ്മയും ശുഭ്മാനും ഗില്ലും എളുപ്പത്തിലാണ് റൺസ് സ്കോർ ചെയ്തതെന്നും  ബൗളിംഗ് നിര സ്ഥിരത പുലർത്തേണ്ടത് അനിവാര്യമാണെന്നും ശ്രീലങ്കൻ ബൗളർമാരുടെ പ്രകടനം തന്നെ നിരാശപെടുത്തിയെന്നും ഗംഭീർ പറഞ്ഞു.