Skip to content

ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ സെഞ്ചുറിയുമായി കിങ് കോഹ്ലി, ഇനി സച്ചിനെ പിന്നിലാക്കാൻ വേണ്ടത് അഞ്ച് സെഞ്ചുറി മാത്രം

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ചുറിയുമായി കിങ് കോഹ്ലി. വെറും 80 പന്തിൽ നിന്നുമാണ് വിരാട് കോഹ്ലി സെഞ്ചുറി പൂർത്തിയാക്കിയത്. ഏകദിന ക്രിക്കറ്റിലെ വിരാട് കോഹ്ലിയുടെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണിത്. നേരത്തെ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും കോഹ്ലി സെഞ്ചുറി നേടിയിരുന്നു.

ഏകദിന ക്രിക്കറ്റിലെ വിരാട് കോഹ്ലിയുടെ 45 ആം സെഞ്ചുറിയാണിത്. ഇതോടെ ഏകദിന സെഞ്ചുറികളുടെ എണ്ണത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുമായുള്ള വ്യത്യാസം വെറും നാല് സെഞ്ചുറികൾ മാത്രമായി. മൂന്ന് വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് വിരാട് കോഹ്ലി ഇന്ത്യയിൽ ഏകദിന സെഞ്ചുറി നേടുന്നത്. ഇതിന് മുൻപ് 2019 മാർച്ചിൽ ഓസ്ട്രേലിയക്കെതിരായിരുന്നു ഇന്ത്യൻ മണ്ണിൽ കോഹ്ലി ഏകദിന സെഞ്ചുറി നേടിയത്.

ഏകദിന കരിയറിൽ 452 ഇന്നിങ്സിൽ നിന്നുമാണ് സച്ചിൻ ടെണ്ടുൽക്കർ 49 സെഞ്ചുറി നേടിയിട്ടുള്ളത്. മറുഭാഗത്ത് 257 ഇന്നിങ്സിൽ നിന്നുമാണ് 45 സെഞ്ചുറികൾ കോഹ്ലി നേടിയത്.

അന്താരാഷ്ട്ര ക്രിക്കറ്റിലെ കോഹ്ലിയുടെ 73 ആം സെഞ്ചുറിയാണിത്. ഏകദിന ക്രിക്കറ്റിൽ 45 സെഞ്ചുറി നേടിയ കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ 27 സെഞ്ചുറിയും അന്താരാഷ്ട്ര ടി20 യിൽ ഒരു സെഞ്ചുറിയും നേടിയിട്ടുണ്ട്. നേരത്തെ ബംഗ്ലാദേശിനെതിരായ സെഞ്ചുറിയോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം കോഹ്ലി നേടിയിരുന്നു.