Skip to content

തകർപ്പൻ നേട്ടത്തിൽ ഹാഷിം അംലയെയും സച്ചിൻ ടെണ്ടുൽക്കറെയും പിന്നിലാക്കി രോഹിത് ശർമ്മ

മികച്ച പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. സെഞ്ചുറിയ്‌ക്ക് 17 റൺസ് അകലെ 67 പന്തിൽ 9 ഫോറും 3 സിക്സും അടക്കം 83 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. മത്സരത്തിലെ ഈ മികച്ച പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് ഹിറ്റ്മാൻ സ്വന്തമാക്കി.

മത്സരത്തിൽ 83 റൺസ് നേടിയ രോഹിത് ശർമ്മ ഏകദിന ക്രിക്കറ്റിൽ ഓപ്പണറായി 7500 റൺസ് പൂർത്തിയാക്കി. ഏകദിന ക്രിക്കറ്റിൽ ഓപ്പണറായി ഏറ്റവും വേഗത്തിൽ 7500 റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് രോഹിത് ശർമ്മ ഇതോടെ സ്വന്തമാക്കി. 7500 റൺസ് പൂർത്തിയാക്കുവാൻ വെറും 149 ഇന്നിങ്സുകൾ മാത്രമാണ് ഹിറ്റ്മാന് വേണ്ടിവന്നത്.

മുൻ സൗത്താഫ്രിക്കൻ താരം ഹാഷിം അംല (158 ഇന്നിങ്സ്), സച്ചിൻ ടെണ്ടുൽക്കർ (170 ഇന്നിങ്സ്) സൗരവ് ഗാംഗുലി (182 ഇന്നിങ്സ്) എന്നിവരെ പിന്നിലാക്കികൊണ്ടാണ് ഈ തകർപ്പൻ റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കിയത്.

എം എസ് ധോണി ക്യാപ്റ്റനായിരിക്കെയാണ് രോഹിത് ശർമ്മയ്ക്ക് ഇന്ത്യയുടെ ഓപ്പണറായി സ്ഥാനകയറ്റം ലഭിച്ചത്. പിന്നീട് ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റ്സ്ന്മാരിൽ ഒരാളായി ഹിറ്റ്മാൻ മാറുകയായിരുന്നു. ഓപ്പണറായി കളിച്ച 149 ഇന്നിങ്സിൽ 27 സെഞ്ചുറിയും 34 ഫിഫ്റ്റിയും രോഹിത് ശർമ്മ നേടിയിട്ടുണ്ട്.