Skip to content

അറ്റാക്ക് ചെയ്ത് കളിച്ചാൽ കൂടുതൽ പോയിൻ്റ്, സൗത്താഫ്രിക്കയുടെ ടി20 ലീഗിൽ പോരാട്ടം പൊടിപാറും

സൗത്താഫ്രിക്കൻ ക്രിക്കറ്റ് ബോർഡിൻ്റെ സ്വപ്ന ലീഗായ Sa20 ഇന്ന് ആരംഭിക്കും. ഐ പി എൽ മാതൃകയിൽ ഒരുങ്ങുന്ന ലീഗിലെ ആറ് ടീമുകളെയും സ്വന്തമാക്കിയിരിക്കുന്നത് ഐ പി എൽ ടീമുകളാണ്. ടി20 ക്രിക്കറ്റിലെ സാധാരണ നിയമങ്ങൾക്ക് വ്യത്യസ്തമായി വമ്പൻ മാറ്റങ്ങളോടെയാണ് SA20 എത്തുന്നത്.

ക്രിക്കറ്റിൽ ടോസിന് മുൻപേ തന്നെ ടീമുകൾ പ്ലേയിങ് ഇലവൻ തീരുമാനിക്കേണ്ടതുണ്ട്. പക്ഷേ SA20 യിൽ ടോസിന് ശേഷം ക്യാപ്റ്റന്മാർക്ക് പ്ലേയിങ് ഇലവൻ തീരുമാനിക്കാൻ കഴിയും. ടോസിന് മുൻപേ 13 കളിക്കാരെ ക്യാപ്റ്റന് നിർദ്ദേശിക്കാം. ടോസിന് ശേഷം ഇതിൽ നിന്നും 11 കളിക്കാരെ ക്യാപ്റ്റന്മാർക്ക് തിരഞ്ഞെടുക്കാം.

മറ്റൊരു രസകരായ നിയമം ഫീൽഡർമാർ ബാറ്റ്സ്മാന്മാരെ റണ്ണൗട്ടാക്കാനുള്ള ശ്രമത്തിനിടെ പന്ത് സ്റ്റമ്പിൽ വ്യതിചലിച്ചാലും അതിൽ ഓവർത്രോ റൺസ് ലഭിക്കില്ലയെന്നതാണ്. അഗ്രസീവ് ഫീൽഡിങിനെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് ഈ തീരുമാനമെന്നാണ് സംഘാടകരുടെ വിശദീകരണം.

ടൂർണമെൻ്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ വിജയിക്കുന്ന ടീമിന് നാല് പോയിൻ്റ് വീതമാണ് ലഭിക്കുക. കൂടാതെ എതിർടീമിനേക്കാൾ 1.25 മടങ്ങ് റൺറേറ്റിൽ വിജയിക്കുകയാണെങ്കിൽ ഒരു ബോണസ് പോയിൻ്റും ടീമുകൾക്ക് സ്വന്തമാക്കാം. ഇത് കൂടുതൽ ആക്രമിച്ച് കളിക്കുവാൻ ടീമുകൾക്ക് പ്രേരണ നൽകും.