ഈ വർഷം കളിച്ചില്ലെങ്കിലും റിഷഭ് പന്തിന് ലഭിക്കുക 21 കോടി രൂപ

കാർ അപകടത്തെ തുടർന്ന് നിലവിൽ ചികിത്സയിൽ കഴിയുകയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. അപകടത്തെ തുടർന്നുണ്ടായ പരിക്ക് ഭേദമായി കളിക്കളത്തിൽ താരത്തിന് തിരിച്ചെത്തുവാൻ 4 മുതൽ 6 മാസം വരെ വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐ പി എൽ അടക്കം നിരവധി മത്സരങ്ങൾ നഷ്ടമാകുമെങ്കിലും സാമ്പത്തികനായി താരത്തിന് നഷ്ടമുണ്ടാകില്ല.

പുതിയ റിപോർട്ടുകൾ പ്രകാരം ഐ പി എല്ലിൽ കളിച്ചില്ലയെങ്കിലും സാലറിയായ 16 കോടി രൂപ ഡൽഹി ക്യാപിറ്റൽസ് റിഷഭ് പന്തിന് നൽകും. കൂടാതെ ബിസിസിഐ കരാർ പ്രകാരം അഞ്ച് കോടി രൂപയും പന്തിന് ലഭിക്കും. നിലവിൽ ചികിത്സയിൽ കഴിയുന്ന താരത്തിൻ്റെ മുഴുവൻ ചിലവും വഹിക്കുന്നത് ബിസിസിഐയാണ്.

പരിക്കിൽ നിന്നും മുക്തനായി പന്ത് തിരിച്ചുവരേണ്ടത് ഇന്ത്യൻ ടെസ്റ്റ് ടീമിന് നിർണാകമാണ്. കഴിഞ്ഞ മൂന്ന് വർഷമായി ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ നട്ടെല്ല് റിഷഭ് പന്താണ്. കഴിഞ്ഞ മൂന്ന് വർഷവും ഇന്ത്യയ്ക്കായി ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് റിഷഭ് പന്താണ്.

പന്തിൻ്റെ അഭാവം ഐ പി എല്ലിൽ ഡൽഹിയ്ക്ക് കനത്ത തിരിച്ചടിയാകും. പുതിയ ക്യാപ്റ്റനൊപ്പം പുതിയ വിക്കറ്റ് കീപ്പറെയും ടീം കണ്ടെത്തേണ്ടിവരും. പന്തിന് ബാക്കപ്പ് വിക്കറ്റ് കീപ്പർമാർ ടീമിലില്ല എന്നത് തന്നെയാണ് കനത്ത തിരിച്ചടിയാകുന്നത്. സർഫറാസ് ഖാനും ഇംഗ്ലണ്ടിൻ്റെ ഫിലിപ്പ് സാൾട്ടും ഉണ്ടെങ്കിലും ഇരുവരും റെഗുലർ വിക്കറ്റ് കീപ്പർമാരല്ല. അതുകൊണ്ട് തന്നെ പന്തിന് പകരക്കാരനായി പുതിയ താരത്തെ ഡൽഹി ടീമിൽ എത്തിക്കേണ്ടതായി വന്നേക്കും.