Skip to content

അവൻ്റേത് സ്പെഷ്യൽ ഇന്നിങ്സ്, സൂര്യയുടെ സെഞ്ചുറിയ്ക്കിടയിലും രാഹുൽ ത്രിപാതിയെ മറക്കാതെ ഹാർദിക്ക് പാണ്ഡ്യ

തകർപ്പൻ വിജയമാണ് ശ്രീലങ്കയ്ക്കെതിരായ മൂന്നാം മത്സരത്തിൽ ഹാർദിക്ക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ കുറിച്ചത്. സെഞ്ചുറി നേടിയ സൂര്യകുമാർ യാദവായിരുന്നു മത്സരത്തിൽ ഇന്ത്യയുടെ താരം. സൂര്യയുടെ ഈ തകർപ്പൻ സെഞ്ചുറിയ്ക്കിടയിലും രാഹുൽ ത്രിപാതിയുടെ മികച്ച ഇന്നിങ്സിനെ പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ.

മികച്ച തുടക്കമായിരുന്നില്ല മത്സരത്തിൽ ഇന്ത്യയ്ക്ക് ലഭിച്ചത്. തുടക്കത്തിൽ തന്നെ ഇഷാൻ കിഷനെ ഇന്ത്യയ്ക്ക് നഷ്ടപെട്ടിരുന്നു. മറുഭാഗത്ത് ശുഭ്മാൻ ഗില്ലാകട്ടെ റൺസ് കണ്ടെത്താൻ വിഷമിക്കുകായിരുന്നു. ഈ ഘട്ടത്തിൽ ക്രീസിലെത്തിയാണ് തകർപ്പൻ പ്രകടനം രാഹുൽ ത്രിപാതി കാഴ്ച്ചവെച്ചത്. 16 പന്തിൽ 5 ഫോറും 2 സിക്സും ഉൾപ്പടെ 35 റൺസ് നേടിയാണ് താരം പുറത്തായത്.

” ഇന്നത്തെ മത്സരം സൂര്യ vs ശ്രീലങ്ക ആണെന്ന് എനിക്ക് തോന്നിപോയി. അത് ക്യാപ്റ്റൻ എന്ന നിലയിൽ എൻ്റെ ജോലി എളുപ്പമാക്കി. വൈറ്റ് ബോൾ ക്രിക്കറ്റിൽ സൂര്യകുമാർ യാദവിനെ പോലെ ഒരു താരത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ഞാൻ പറയുന്നതിൻ്റെ കാരണമിതാണ്. അവൻ കളിക്കുന്ന രീതി, അത് ബൗളർമാരുടെ മനോവീര്യം തകർക്കുകയും മറ്റുള്ള ബാറ്റ്സ്മാന്മാരെ സഹായിക്കുകയും ചെയ്യുന്നു. ”

” സൂര്യ എന്താണ് ചെയ്തതെന്ന് നമ്മൾ കണ്ടു. പക്ഷേ അതിനൊപ്പം രാഹുൽ ത്രിപാതിയും പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്. മത്സരത്തിൻ്റെ താളം മാറ്റിമറിക്കാൻ അവന് കഴിയും. ആദ്യ രണ്ടോവറുകൾ ശ്രദ്ധിച്ചാൽ പന്ത് എന്തോ ചെയ്തിരുന്നതായി മനസ്സിലാക്കാം. ഡഗൗട്ടിൽ ഇരുന്ന ഞങ്ങൾ വിക്കറ്റ് ബൗളർമാർക്ക് അനുകൂലമാണെന്ന് കരുതിയിരുന്നു. പക്ഷേ അവൻ്റെ ബാറ്റിങ് അത് മാറ്റിമറിക്കുകയും ബൗളർമാർക്ക് ലെങ്തിൽ മാറ്റം വരുത്തേണ്ടിവരികയും ചെയ്തു. ” ഹാർദിക്ക് പാണ്ഡ്യ പറഞ്ഞു.