Skip to content

തകർപ്പൻ സെഞ്ചുറി, മറ്റാർക്കും നേടാനാകാത്ത വമ്പൻ റെക്കോർഡുകൾ സ്വന്തമാക്കി സൂര്യകുമാർ യാദവ്

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ വമ്പൻ റെക്കോർഡുകൾ സ്വന്തമാക്കി ഇന്ത്യയുടെ സൂര്യകുമാർ യാദവ്. അന്താരാഷ്ട്ര ടി20 യിലെ തൻ്റെ മൂന്നാം സെഞ്ചുറിയായിരുന്നു മത്സരത്തിൽ സൂര്യകുമാർ യാദവ് മത്സരത്തിൽ കുറിച്ചത്. ഇതിന് പിന്നാലെയാണ് ഈ വമ്പൻ റെക്കോർഡുകൾ താരം സ്വന്തമാക്കിയത്.

മത്സരത്തിൽ 51 പന്തിൽ 7 ഫോറും 9 സിക്സും ഉൾപ്പടെ പുറത്താകാതെ 112 റൺസ് സൂര്യകുമാർ യാദവ് അടിച്ചുകൂട്ടിയിരുന്നു. ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 1500 റൺസ് താരം പൂർത്തിയാക്കി. 1500 റൺസ് നേടുവാൻ വെറും 843 പന്തുകൾ മാത്രമാണ് സൂര്യകുമാർ യാദവിന് വേണ്ടിവന്നത്. ഇതോടെ ഏറ്റവും കുറവ് പന്തിൽ 1500 റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് സൂര്യകുമാർ യാദവ് സ്വന്തമാക്കി. 940 പന്തിൽ 1500 റൺസ് നേടിയ ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്‌വെല്ലിനെയാണ് സൂര്യകുമാർ യാദവ് പിന്നിലാക്കിയത്.

മത്സരത്തിലെ സെഞ്ചുറിയോടെ അന്താരാഷ്ട്ര ടി20 യിൽ മൂന്ന് വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോർഡ് സൂര്യകുമാർ സ്വന്തമാക്കി. ഇതിന് മുൻപ് ഇംഗ്ലണ്ടിൽ ( യൂറോപ്പ്) ആദ്യ സെഞ്ചുറി നേടിയ താരം പിന്നാലെ ന്യൂസിലൻഡിലും (ഓസ്ട്രേലിയ) ഒടുവിൽ സ്വന്തം നാട്ടിലും സെഞ്ചുറി കുറിച്ചിരുന്നു.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ മൂന്ന് സെഞ്ചുറിയും 50 ൽ താഴെ പന്തിൽ നിന്നുമാണ് സൂര്യകുമാർ യാദവ് പൂർത്തിയാക്കിയത്. ഇതോടെ 200 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ മൂന്ന് സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന നേട്ടവും സൂര്യകുമാർ യാദവ് സ്വന്തമാക്കി.