വൈഡ് നൽകാതെ അമ്പയർ, നിയന്ത്രണം വിട്ട് രോഷാകുലനായി ഷാക്കിബ്, വീഡിയോ കാണാം

കളിക്കളത്തിൽ വീണ്ടും നിയന്ത്രണം വിട്ട് പെരുമാറി ബംഗ്ലാദേശ് ലിമിറ്റഡ് ഓവർ ടീം ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ. ഇക്കുറി ബംഗ്ലാദേശ് പ്രീമിയർ ലീഗിലായിരുന്നു താരത്തിൻ്റെ നിയന്ത്രണം വിട്ടുള്ള പെരുമാറ്റം. അമ്പയർ വൈഡ് നൽകാതിരുന്നതാണ് താരത്തെ ചൊടിപ്പിച്ചത്.

ലീഗിൽ ഖുൽന ടൈഗേഴ്സും ഫോർറ്റ്യൂൺ ബാരിഷാലും തമ്മിൽ നടന്ന മത്സരത്തിലായിരുന്നു സംഭവം അരങ്ങേറിയത്. ഫോർറ്റ്യൂണിന് വേണ്ടി ബാറ്റ് ചെയ്തുകൊണ്ടിരിക്കവെ പതിനാറാം ഓവറിൽ ബൗളർ ഷാക്കിബിന് തലയ്ക്ക് മുകളിലൂടെ പന്തെറിഞ്ഞുവെങ്കിലും വൈഫ്റ്റ് നൽകാൻ അമ്പയർ തയ്യാറായില്ല. ഇതിന് പിന്നാലെ രോഷാകുലനായ ഷാക്കിബ് അമ്പയർക്ക് നേരെ പാഞ്ഞടുക്കുകയും തർക്കിക്കുകയും ചെയ്യുകയായിരുന്നു.

വീഡിയോ :

എതിർടീം വിക്കറ്റ് കീപ്പർ മുഷ്ഫിഖുർ റഹിം ഇടപെട്ടുകൊണ്ടാണ് പിന്നീട് ഷാക്കിബിനെ ശാന്തനാക്കിയത്. ഇതിന് പിന്നാലെ തൊട്ടടുത്ത പന്തിൽ സിക്സ് പറത്തിയാണ് ഷാക്കിബ് തൻ്റെ കലിപ്പ് തീർത്തത്. മത്സരത്തിൽ 32 പന്തിൽ 7 ഫോറും 4 സിക്സും ഉൾപ്പടെ 67 റൺസ് ഷാക്കിബ് നേടിയിരുന്നു. ഇതിന് മുൻപും ഇത്തരത്തിൽ കളിക്കളത്തിൽ നിയന്ത്രണം വിട്ട് പെരുമാറിയിരുന്നു. ഒരു ആഭ്യന്തര മത്സരത്തിൽ അമ്പയറുടെ തീരുമാനത്തിൽ രോഷാകുലനായ ഷാക്കിബ് സ്റ്റമ്പുകൾ കാലുകൊണ്ട് തട്ടി തെറിപ്പിക്കുകയും പിന്നാലെ നടപടികൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.