ധോണിയുടെ പാത പിന്തുടർന്ന് ഹാർദിക്ക് പാണ്ഡ്യയും, സിരീസ് ട്രോഫി നൽകിയത് മാവിയ്ക്കും ജിതേഷ് ശർമ്മയ്ക്കും

ശ്രീലങ്കയ്ക്കെതിരായ മൂന്നാം മത്സരത്തിലും തകർപ്പൻ വിജയം കുറിച്ചുകൊണ്ട് ടി20 പരമ്പര സ്വന്തമാക്കികൊണ്ട് ടി20 ക്രിക്കറ്റിൽ പുതുയുഗത്തിന് തുടക്കമിട്ടിരിക്കുകയാണ് ഇന്ത്യ. പുതുയുഗത്തിൻ്റെ ആരംഭത്തിലും ധോണി മുന്നിൽ വെച്ച മാതൃക ഹാർദിക്ക് പാണ്ഡ്യയും തുടർന്നിരിക്കുകയാണ്.

പരമ്പര വിജയത്തിന് പുറകെ ലഭിച്ച സിരീസ് ട്രോഫി ടീമിൽ ആദ്യമായി എത്തിയ ശിവം മാവിയ്ക്കും സഞ്ജുവിന് പകരക്കാരനായി എത്തിയ ജിതേഷ് ശർമ്മയ്ക്കും സമ്മാനിച്ച ഹാർദിക്ക് മറ്റുള്ള താരങ്ങൾക്കൊപ്പം ഒരു സൈഡിൽ നിന്നുകൊണ്ടാണ് ഫോട്ടോയ്‌ക്ക് പോസ് ചെയ്തത്.

മഹേന്ദ്ര സിങ് ധോണിയാണ് ഇന്ത്യൻ ക്രിക്കറ്റിൽ ഈയൊരു മാതൃക തുടങ്ങിവെച്ചത്. ലോകകപ്പ് നേടിയപ്പോൾ പോലും ഒരു സൈഡിലൊതുങ്ങിയായിരുന്നു ധോണി വിജയം ആഘോഷിച്ചിരുന്നത്. ധോണിക്ക് ശേഷം വിരാട് കോഹ്ലിയും പിന്നീട് രോഹിത് ശർമ്മയും ആ പാത പിന്തുടർന്നപ്പോൾ അതിൽ ഹാർദിക്ക് പാണ്ഡ്യയും മാറ്റം വരുത്തിയില്ല.

മൂന്നാം മത്സരത്തിൽ 91 റൺസിൻ്റെ വിജയം നേടിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. സൂര്യകുമാർ യാദവിൻ്റെ സെഞ്ചുറി മികവിൽ ഇന്ത്യ ഉയർത്തിയ 229 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ശ്രീലങ്കയ്ക്ക് 16.4 ഓവറിൽ 137 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. സൂര്യകുമാർ യാദവാണ് പ്ലേയർ ഓഫ് ദി മാച്ച്. മൂന്ന് മത്സരങ്ങളിൽ നിന്നും 117 റൺസും മൂന്ന് വിക്കറ്റും നേടിയ അക്ഷർ പട്ടേലാണ് പ്ലേയർ ഓഫ് ദി സിരീസ്.