43 ഇന്നിങ്സിൽ മൂന്ന് സെഞ്ചുറി, തകർപ്പൻ റെക്കോർഡ് കുറിച്ച് സൂര്യകുമാർ യാദവ്

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരുടെ നിരയിലേക്ക് ഇന്ത്യയുടെ സൂര്യകുമാർ യാദവ്. കഴിഞ്ഞ വർഷത്തെ തകർപ്പൻ ഫോം ഈ വർഷവും തുടർന്നിരിക്കുകയാണ് സൂര്യ. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയാണ് സൂര്യകുമാർ യാദവ് നേടിയത്.

വെറും 45 പന്തിൽ നിന്നുമാണ് സൂര്യകുമാർ യാദവ് സെഞ്ചുറി പൂർത്തിയാക്കിയത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ സൂര്യകുമാർ യാദവിൻ്റെ മൂന്നാം സെഞ്ചുറിയാണിത്. ഇതോടെ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ രണ്ട് സെഞ്ചുറി നേടിയ കെ എൽ രാഹുലിനെ സൂര്യകുമാർ യാദവ് പിന്നിലാക്കി.

140 ഇന്നിങ്സിൽ നിന്നും 4 സെഞ്ചുറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ മാത്രമാണ് ഇനി സൂര്യകുമാർ യാദവിന് മുൻപിലുള്ളത്. വെറും 43 ഇന്നിങ്സിൽ നിന്നുമാണ് സൂര്യകുമാർ യാദവ് മൂന്ന് സെഞ്ചുറി നേടിയിരിക്കുന്നത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‌വെൽ, ന്യൂസിലൻഡ് താരം കോളിൻ മൺറോ, സബവൂൺ ഡേവിസി എന്നിവരാണ് സൂര്യകുമാർ യാദവിനൊപ്പം രോഹിത് ശർമ്മയ്ക്ക് പിന്നിലുള്ളത്.

51 പന്തിൽ 7 ഫോറും 9 സിക്സും ഉൾപ്പെടെ പുറത്താകാതെ 112 റൺസ് സൂര്യകുമാർ യാദവ് അടിച്ചുകൂട്ടി. താരത്തിൻ്റെ സെഞ്ചുറി മികവിൽ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് ഇന്ത്യ അടിച്ചുകൂട്ടി.