തകർപ്പൻ സെഞ്ചുറിയുമായി സൂര്യകുമാർ യാദവ്, വമ്പൻ സ്കോർ കുറിച്ച് ഇന്ത്യ

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ സെഞ്ചുറി നേടി തകർത്താടി സൂര്യകുമാർ യാദവ്. 45 പന്തിൽ നിന്നുമാണ് സൂര്യകുമാർ യാദവ് സെഞ്ചുറി പൂർത്തിയാക്കിയത്. താരത്തിൻ്റെ സെഞ്ചുറി മികവിൽ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് ഇന്ത്യ അടിച്ചുകൂട്ടി.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ തൻ്റെ മൂന്നാം സെഞ്ചുറിയാണ് സൂര്യകുമാർ യാദവ് നേടിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഇഷാൻ കിഷനെ നഷ്ടപെട്ടിരുന്നു. ഗിൽ റൺസ് കണ്ടെത്താൻ വിഷമിച്ചപ്പോൾ 16 പന്തിൽ 35 റൺസ് നേടി രാഹുൽ ട്രിപാതി ഇന്ത്യയ്ക്കായി തകർത്തടിച്ചു. രാഹുൽ ത്രിപാതി പുറത്തായ ശേഷം ക്രീസിലെത്തിയ സൂര്യ തുടക്കം മുതൽ തകർത്തടിച്ചതോടെയാണ് ഇന്ത്യ വമ്പൻ സ്കോറിലേക്ക് കുതിച്ചത്.

മൂന്നാം വിക്കറ്റിൽ 101 റൺസ് സൂര്യകുമാർ യാദവും ശുഭ്മാൻ ഗില്ലും കൂട്ടിച്ചേർത്തു. ഗിൽ 36 പന്തിൽ 46 റൺസ് നേടി പുറത്തായപ്പോൾ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവ് 51 പന്തിൽ 7 ഫോറും 9 സിക്സും ഉൾപ്പെടെ 112 റൺസ് നേടി.9 പന്തിൽ 20 റൺസ് നേടി അക്ഷർ പട്ടേലും മികച്ച പ്രകടനം കാഴ്ച്ചവെച്ചതോടെയാണ് ഇന്ത്യൻ സ്കോർ 220 കടന്നത്.