ചീഫ് സെലക്ടറായി ചേതൻ ശർമ്മയെ വീണ്ടും തിരഞ്ഞെടുത്ത് ബിസിസിഐ

ഇന്ത്യൻ ടീമിൻ്റെ ചീഫ് സെലക്ടറായി ചേതൻ ശർമ്മയെ വീണ്ടും തിരഞ്ഞെടുത്ത് ബിസിസിഐ. ഐസിസി ടി20 ലോകകപ്പിൽ സെമിഫൈനലിൽ തോറ്റ് പുറത്തായതിന് പുറകെ ചേതൻ ശർമ്മ തലവനായ സെലക്ഷൻ കമ്മിറ്റിയെ ബിസിസിഐ പിരിച്ചുവിട്ടിരുന്നു. എന്നാൽ വീണ്ടും അപേക്ഷ നൽകിയ ചേതൻ ശർമ്മയെ തന്നെ ബിസിസിഐ ചീഫ് സെലക്ടറായി നിയമിക്കുകയായിരുന്നു.

സുലാക്ഷന നായിക്, അശോക് മൽഹോത്ര, ജതിൻ പരഞപെ എന്നിവർ അടങ്ങിയ ക്രിക്കറ്റ് ഉപേദേശക കമ്മിറ്റിയാണ് പുതിയ സെലക്ഷൻ കമ്മിറ്റിയെ തിരഞ്ഞെടുത്തിരിക്കുന്നത്. അഞ്ച് പേർ അടങ്ങുന്ന കമ്മിറ്റിയിലേക്ക് 600 ലധികം പേരുടെ അപേക്ഷകൾ ലഭിച്ചുവെന്നും ഇതിൽ നിന്നും 11 പേരെ ഇൻ്റർവ്യൂ ചെയ്ത ശേഷമാണ് അഞ്ച് പേരെ അന്തിമമായി തിരഞ്ഞെടുത്തതെന്നും ബിസിസിഐ വാർത്താകുറിപ്പിൽ അറിയിച്ചു.

സീനിയർ നാഷണൽ സെലക്ഷൻ കമ്മിറ്റി – ചേതൻ ശർമ്മ, ശിവ് സുന്ദർ ദാസ്, സുബ്രദോ ബാനർജി, സാലിൽ അങ്കോള, ശ്രീധരൻ ശരത്.