Skip to content

സർജറിയ്‌ക്ക് വിധേയനായി റിഷഭ് പന്ത്, തിരിച്ചുവരവ് ഇനിയും വൈകും

ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിൻ്റെ ശസ്ത്രക്രിയ മുംബൈയിലെ ആശുപത്രിയിൽ വിജയകരമായി പൂർത്തിയായി. കാറപകടത്തെ തുടർന്ന് കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് പന്ത് ശസ്ത്രക്രിയക്ക് വിധേയനാകേണ്ടിവന്നത്.

” റിഷഭ് പന്തിൻ്റെ കാൽമുട്ടിലെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. അദ്ദേഹം ഇനി നിരീക്ഷണത്തിലായിരിക്കും. തുടർന്നുള്ള നടപടികളും മറ്റും ഡോക്ടർമാരും ബിസിസിഐ സ്പോർട്സ് സയൻസ് മെഡിക്കൽ ടീമും തീരുമാനിക്കും. ” ബിസിസിഐ വൃത്തങ്ങൾ മാധ്യമങ്ങളെ അറിയിച്ചു.

ഡൽഹിയിൽ നിന്നും വീട്ടിലേക്ക് മടങ്ങവെയാണ് റിഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. തുടർന്ന് ഡെറാഡൂണിൽ ചികിത്സയിൽ കഴിയുകയായിരുന്ന താരത്തെ വിദഗ്ധ ചികിത്സയ്ക്കായാണ് മുംബൈയിൽ എത്തിച്ചത്. ഇതിനുമുൻപ് സച്ചിൻ ടെണ്ടുൽക്കർ, യുവരാജ് സിങ്, ജസ്പ്രീത് ബുംറ എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ഡോക്ടർ പർദിവാലയാണ് റിഷഭ് പന്തിൻ്റെ ചികിത്സയിൽ മേൽനോട്ടം വഹിക്കുന്നത്.

ക്രിക്കറ്റിലേക്കുള്ള താരത്തിൻ്റെ തിരിച്ചുവരവ് ഏറെ വൈകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപകടത്തിന് ശേഷം പന്ത് ഇതുവരെ എഴുനേറ്റുനടന്നിട്ടില്ല. ഈ വർഷം വലിയ വെല്ലുവിളികളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഫെബ്രുവരിയിൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ഐസിസി ഏകദിന ലോകകപ്പും ഇന്ത്യയ്ക്ക് മുൻപിലുണ്ട്.