സച്ചിന് ശേഷം ഇതാദ്യം, ഖവാജയുടെ ഡബിൾ സെഞ്ചുറിയ്ക്ക് കാത്തുനിൽക്കാതെ ഡിക്ലയർ ചെയ്ത് ഓസ്ട്രേലിയ

ഓപ്പണിങ് ബാറ്റ്സ്മാൻ ഉസ്മാൻ ഖവാജയുടെ ഡബിൾ സെഞ്ചുറിയ്ക്ക് കാത്തുനിൽക്കാതെ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത് ഓസ്ട്രേലിയ. സൗത്താഫ്രിക്കയ്ക്കെതിരെ സിഡ്നി ടെസ്റ്റിൽ 4 വിക്കറ്റിന് 475 എന്ന നിലയിലാണ് ഓസ്ട്രേലിയ ഡിക്ലയർ ചെയ്തത്.

ഡബിൾ സെഞ്ചുറിയ്ക്ക് 5 റൺസ് അകലെ 368 പന്തിൽ 195 റൺസ് ഉസ്മാൻ ഖവാജ നേടിയിരുന്നു. എന്നാൽ മൂന്നാം ദിനം മഴമൂലം ഉപേക്ഷിച്ചതിനാൽ നാലാം ദിനം കളി ആരംഭിക്കും മുൻപേ തന്നെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇന്നലെ ഓസ്ട്രേലിയ തൻ്റെ ഡബിൾ സെഞ്ചുറിയ്ക്ക് കാത്തുനിൽക്കാതെ ഡിക്ലയർ ചെയ്യില്ലെന്ന് ഉസ്മാൻ ഖവാജ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ ഇത് മൂന്നാം തവണയാണ് ബാറ്റ്സ്മാൻ 190 ൽ ബാറ്റ് ചെയ്യവെ ക്യാപ്റ്റന്മാർ ഇന്നിങ്സ് ഡിക്ലയർ ചെയ്യുന്നത്. 1960 ൽ വെസ്റ്റിൻഡീസിൻ്റെ ഫ്രാങ്ക് വോറൽ 197 ൽ നിൽക്കെ ക്യാപ്റ്റൻ ഗാരി അലക്സാണ്ടറും 2004 ൽ പാകിസ്ഥാനെതിരെ സച്ചിൻ ടെണ്ടുൽക്കർ 194 റൺസ് നേടി ക്രീസിൽ തുടരവെ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡും ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു.

ആദ്യ ഇന്നിങ്സിലേക്ക് വരുമ്പോൾ 195 റൺസ് നേടിയ ഉസ്മാൻ ഖവാജയ്ക്കൊപ്പം 104 റൺസ് നേടിയ സ്റ്റീവ് സ്മിത്തും 59 പന്തിൽ 70 റൺസ് നേടിയ ട്രാവിസ് ഹെഡുമാണ് ഓസ്ട്രേലിയക്ക് വേണ്ടി തിളങ്ങിയത്.