Skip to content

സെഞ്ചുറിയുമായി സർഫറാസ് അഹമ്മദിൻ്റെ പോരാട്ടം, രണ്ടാം ടെസ്റ്റിൽ ആവേശ സമനില നേടി പാകിസ്ഥാൻ

പാകിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം ടെസ്റ്റും ആവേശസമനിലയിൽ അവസാനിച്ചു. 319 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാൻ 9 നഷ്ടത്തിൽ 304 റൺസ് നേടി നിൽക്കവവെയാണ് വെളിച്ചകുറവ് മൂലം കളി നിർത്തുകയും മത്സരം സമനിലയിൽ അവസാനിക്കുകയും ചെയ്തത്.

സെഞ്ചുറി നേടിയ സർഫറാസ് അഹമ്മദാണ് പാകിസ്ഥാനെ തോൽവിയിൽ നിന്നും രക്ഷിച്ചത്. 176 പന്തിൽ 118 റൺസ് നേടിയ സർഫറാസ് ഏതാനും ഓവറുകൾ ശേഷിക്കെ പുറത്തായെങ്കിലും അവസാന വിക്കറ്റിൽ നസീം ഷായും അബ്രാർ അഹമ്മദും മികവ് പുലർത്തിയതോടെയാണ് പാകിസ്ഥാൻ സമനില നേടിയത്. നസീം ഷാ 15 റൺസും അബ്രാർ അഹമ്മദ് 7 റൺസും നേടി പുറത്താകാതെ നിന്നു.

ന്യൂസിലൻഡിന് വേണ്ടി ബ്രേസ്വെൽ നാല് വിക്കറ്റും ടിം സൗത്തീ, ഇഷ് സോധി എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

നേരത്തെ ആദ്യ ഇന്നിങ്സിൽ 41 റൺസിൻ്റെ ലീഡ് നേടിയ ന്യൂസിലൻഡ് രണ്ടാം ഇന്നിങ്സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 277 റൺസ് നേടി ഡിക്ലയർ ചെയ്തുകൊണ്ടാണ് പാകിസ്ഥാന് മുൻപിൽ 319 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തിയത്. 62 റൺസ് നേടിയ ടോം ലാതം, 74 റൺസ് നേടിയ ടോം ബ്ലണ്ടൽ, 74 റൺസ് നേടിയ ബ്രേസ്വെൽ എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ ന്യൂസിലൻഡിന് വേണ്ടി തിളങ്ങിയത്.

ആദ്യ ഇന്നിങ്സിൽ 125 റൺസ് നേടിയ സൗദ് ഷക്കീൽ, 78 റൺസ് നേടിയ സർഫറാസ് അഹമ്മദ്, 83 റൺസ് നേടിയ ഇമാം ഉൾ ഹഖ് എന്നിവരുടെ 408 റൺസ് നേടി വമ്പൻ ലീഡ് വഴങ്ങുന്നത് പാകിസ്ഥാൻ ഒഴിവാക്കിയത്. ആദ്യ ഇന്നിങ്സിൽ ന്യൂസിലൻഡ് 449 റൺസ് നേടിയിരുന്നു.