Skip to content

റൺസ് വഴങ്ങുന്നത് മനസ്സിലാക്കാം, പക്ഷേ നോ ബോളുകൾ !! അർഷ്ദീപിൻ്റെ പിഴവിനോട് പ്രതികരിച്ച് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ

ക്രിക്കറ്റിൽ ഏതൊരു ഫോർമാറ്റിലാണെങ്കിലും നോ ബോളുകൾ കുറ്റകരമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ 7 നോ ബോളുകൾ ഇന്ത്യൻ ബൗളർമാർ എറിഞ്ഞിരുന്നു. ഇതിൽ അഞ്ചും എറിഞ്ഞത് യുവതാരം അർഷ്ദീപ് സിങായിരുന്നു.

മത്സരത്തിലെ രണ്ടാം ഓവറിൽ തുടർച്ചയായി മൂന്ന് നോ ബോളുകൾ താരം എറിഞ്ഞിരുന്നു. ആ ഓവറിൽ 19 റൺസ് വഴങ്ങിയ അർഷ്ദീപിന് പിന്നീട് പത്തൊമ്പതാം ഓവറിലായിരുന്നു ഹാർദിക്ക് അവസരം നൽകിയത്. ആ ഓവറിൽ രണ്ട് നോ ബോളുകളാണ് താരം എറിഞ്ഞത്. അതിലൊന്നിൽ ശ്രീലങ്കൻ ക്യാപ്റ്റൻ പുറത്തായതുമായിരുന്നു. മത്സരത്തിലെ അഞ്ച് നോ ബോളോടെ അന്താരാഷ്ട്ര ടി20 ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോ ബോൾ എറിയുന്ന ബൗളറെന്ന മോശം റെക്കോർഡ് താരത്തെ തേടിയെത്തി. മത്സരത്തിലെ അഞ്ച് നോ ബോൾ അടക്കം കരിയറിൽ 14 നോ ബോൾ താരം എറിഞ്ഞിട്ടുണ്ട്.

” ബാറ്റിങിലും ബൗളിങിലും പവർപ്ലേ ഞങ്ങൾക്ക് തിരിച്ചടിയായി. ഈ തലത്തിൽ ചെയ്യാൻ പാടില്ലാത്ത അടിസ്ഥാനപരമായ പിഴവുകൾ ഞങ്ങൾ വരുത്തി. മോശം ദിവസം ഉണ്ടാകാം പക്ഷേ അടിസ്ഥാന കാര്യങ്ങളിൽ തെറ്റുകൾ വരുത്താൻ പാടില്ല. ”

” അർഷ്ദീപ് ഇതിന് മുൻപും നോ ബോളുകൾ എറിഞ്ഞിട്ടുണ്ട്. ഞാൻ അവനെ കുറ്റപെടുത്തുകയല്ല പക്ഷേ ക്രിക്കറ്റിൽ ഏതൊരു തലത്തിലായാലും നോ ബോളുകൾ കുറ്റകരമാണ്. ഈ തലത്തിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കുവാൻ അവൻ ശ്രമിക്കണം. ” ഹാർദിക്ക് പാണ്ഡ്യ മത്സരശേഷം പറഞ്ഞു.