വിജയം ഉറപ്പിക്കേണ്ടിയിരുന്ന മത്സരം, ഇന്ത്യയ്ക്ക് തിരിച്ചടിയായത് ആ നോ ബോളുകൾ

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ 16 റൺസിൻ്റെ തോൽവിയാണ് ആതിഥേയരായ ഇന്ത്യ ഏറ്റുവാങ്ങിയത്. ഒരു ഘട്ടത്തിൽ പരാജയം ഉറപ്പിച്ച ശേഷമായിരുന്നു അക്ഷർ പട്ടേലിൻ്റെയും സൂര്യകുമാർ യാദവിൻ്റെയും മികവിൽ ഇന്ത്യ മത്സരത്തിൽ ശക്തമായി തിരിച്ചെത്തിയത്. എന്നാൽ മുൻനിരയുടെ മോശം പ്രകടനത്തേക്കാൾ ഇന്ത്യയ്ക്ക് മത്സരത്തിൽ തിരിച്ചടിയായത് ഇന്ത്യൻ ബൗളർമാർ എറിഞ്ഞ നോ ബോളുകളാണ്.

ടി20 ക്രിക്കറ്റിൽ ഇതിന് മുൻപ് ഇന്ത്യ ഒരിക്കൽ പോലും ഒരു മത്സരത്തിൽ നാലിൽ കൂടുതൽ നോ ബോളുകൾ എറിഞ്ഞിട്ടില്ല. എന്നാൽ ഈ മത്സരത്തിൽ യുവതാരം അർഷ്ദീപ് മാത്രം അഞ്ച് ബോളുകൾ എറിഞ്ഞുകൂട്ടി. ശിവം മാവിയും ഉമ്രാൻ മാലിക്കും ഓരോ നോ ബോൾ കൂടെ എറിഞ്ഞതോടെ മത്സരത്തിൽ ഇന്ത്യ എറിഞ്ഞ നോ ബോളുകളുടെ എണ്ണം ഏഴായി. ഈ ഏഴ് നോ ബോളുകളിലും ഇതിലൂടെ ലഭിച്ച ഫ്രീ ഹിറ്റിലുമായി 34 റൺസാണ് ശ്രീലങ്ക അടിച്ചുകൂട്ടിയത്.

മത്സരത്തിലേക്ക് വരുമ്പോൾ 207 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. ഒരു ഘട്ടത്തിൽ 57 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടപെട്ട ഇന്ത്യയെ ആറാം വിക്കറ്റിൽ 91 റൺസ് കൂട്ടിച്ചേർത്തുകൊണ്ട് അക്ഷർ പട്ടേലും സൂര്യകുമാർ യാദവുമാണ് വിജയപ്രതീക്ഷ സമ്മാനിച്ചത്.

സൂര്യകുമാർ യാദവ് 36 പന്തിൽ 51 റൺസ് നേടിയപ്പോൾ അക്ഷർ പട്ടേൽ 31 പന്തിൽ 3 ഫോറും 6 സിക്സും ഉൾപ്പെടെ 65 റൺസ് അടിച്ചുകൂട്ടി. പിന്നീട് ക്രീസിലെത്തിയ ശിവം മാവി 15 പന്തിൽ 26 റൺസ് നേടി തിളങ്ങിയെങ്കിലും ശ്രീലങ്ക ഉയർത്തിയ റൺ മല മറികടക്കുവാൻ സാധിച്ചില്ല.