ഏഴാമനായി ഇറങ്ങി ഫിഫ്റ്റി, ജഡേജയെയും ധോണിയെയും പിന്നിലാക്കി അക്ഷർ പട്ടേൽ

തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 യിൽ ഇന്ത്യൻ ഓൾ റൗണ്ടർ അക്ഷർ പട്ടേൽ കാഴ്ച്ചവെച്ചത്. വമ്പൻ വിജയലക്ഷ്യവുമായി ഇറങ്ങി ഒരു ഘട്ടത്തിൽ തകർന്നടിഞ്ഞ ഇന്ത്യയെ അക്ഷർ പട്ടേലും സൂര്യകുമാർ യാദവും ചേർന്നാണ് മത്സരത്തിൽ തിരിച്ചെത്തിച്ചത്. മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡിൽ രവീന്ദ്ര ജഡേജയെയും എം എസ് ധോണിയെയും പിന്നിലാക്കിയിരിക്കുകയാണ് അക്ഷർ പട്ടേൽ.

57 ന് അഞ്ച് വിക്കറ്റ് നഷ്ടപെട്ട ശേഷം ക്രീസിലെത്തിയ അക്ഷർ പട്ടേൽ മറുഭാഗത്ത് സൂര്യകുമാർ യാദവിനെ കാഴ്ച്ചക്കാരനാക്കി നിർത്തി തകർത്തടിക്കുകയായിരുന്നു. താരം തകർത്തടിച്ചതോടെയാണ് സൂര്യകുമാർ യാദവും ഫോമിലെത്തിയത്. ആറാം വിക്കറ്റിൽ 91 റൺസ് ഇരുവരും കൂട്ടിച്ചേർത്തു.

വെറും 20 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ അക്ഷർ പട്ടേൽ 31 പന്തിൽ 3 ഫോറും 6 സിക്സും അടക്കം 65 റൺസ് നേടിയിരുന്നു. ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏഴാമനായി ക്രീസിലെത്തി ഏറ്റവും ഉയർന്ന സ്കോർ നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന തകർപ്പൻ റെക്കോർഡ് അക്ഷർ പട്ടേൽ സ്വന്തമാക്കി.

2020 ൽ ഓസ്ട്രേലിയക്കെതിരെ ഏഴാമനായി ക്രീസിലെത്തി 44 റൺസ് നേടിയ രവീന്ദ്ര ജഡേജ, വിൻഡീസിനെതിരെ 41 റൺസ് നേടിയ ദിനേശ് കാർത്തിക്, 38 റൺസ് നേടിയ എം എസ് ധോണി എന്നിവരെയാണ് അക്ഷർ പട്ടേൽ പിന്നിലാക്കിയത്.