Skip to content

പരാജയത്തിലും ഹീറോയായി അക്ഷർ പട്ടേൽ, രണ്ടാം ടി20 യിൽ പോരാടിതോറ്റ് ഇന്ത്യ

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ പോരാടിതോറ്റ് ഇന്ത്യ. തുടക്കത്തിൽ തകർന്നടിഞ്ഞ ശേഷം ഇന്ത്യ അക്ഷർ പട്ടേലിൻ്റെയും സൂര്യകുമാർ യാദവിൻ്റെയും മികവിൽ ശക്തമായി തിരിച്ചെത്തിയെങ്കിലും വിജയം കുറിക്കുവാൻ സാധിച്ചില്ല.

മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 207 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടുവാനെ സാധിച്ചുള്ളൂ.

മോശം തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. രണ്ടാം ഓവറിൽ ഓപ്പണർമാരായ ഇഷാൻ കിഷനെയും ശുഭ്മാൻ ഗില്ലിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നാലെ അരങ്ങേറ്റക്കാരൻ രാഹുൽ ത്രിപാതി, ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ എന്നിവരെയും ഇന്ത്യയ്ക്ക് നഷ്ടമായി. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ദീപക് ഹൂഡ 9 റൺസ് പുറത്തായതോടെ ഇന്ത്യയുടെ നിര പരുങ്ങലിലായി. ഒരു ഘട്ടത്തിൽ 57 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടപെട്ട് തകർന്ന ഇന്ത്യയെ അക്ഷർ പട്ടേലും സൂര്യകുമാർ യാദവും ചേർന്നാണ് തിരിച്ചെത്തിച്ചത്.

ആറാം വിക്കറ്റിൽ സൂര്യകുമാർ യാദവും അക്ഷർ പട്ടേലും 91 റൺസ് കൂട്ടിച്ചേർത്തു. സൂര്യകുമാർ യാദവ് 36 പന്തിൽ 51 റൺസ് നേടിയപ്പോൾ അക്ഷർ പട്ടേൽ 31 പന്തിൽ 3 ഫോറും 6 സിക്സും അടക്കം 65 റൺസ് നേടി. സൂര്യകുമാർ യാദവ് പുറത്തായ ശേഷം ക്രീസിലെത്തിയ ശിവം മാവി പന്തിൽ റൺസ് നേടി തകർത്തടിച്ചുവെങ്കിലും ഇന്ത്യയ്ക്ക് വിജയം കുറിക്കാൻ സാധിച്ചില്ല.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 22 പന്തിൽ 2 ഫോറും 6 സിക്സും ഉൾപ്പെടെ 56 റൺസ് നേടിയ ക്യാപ്റ്റൻ ദാസുൻ ഷണക, 31 പന്തിൽ 3 ഫോറും 4 സിക്സും അടക്കം 52 റൺസ് നേടിയ കുശാൽ മെൻഡിസ്, 19 പന്തിൽ 37 റൺസ് നേടിയ അസലങ്ക എന്നിവരുടെ മികവിലാണ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി അക്ഷർ പട്ടേൽ നാലോവറിൽ 24 റൺസ് വഴങ്ങി രണ്ട് വിക്കറ്റും ഉമ്രാൻ മാലിക്ക് മൂന്ന് വിക്കറ്റും യുസ്വെന്ദ്ര ചഹാൽ ഒരു വിക്കറ്റും നേടി.