Skip to content

നോ ബോളുകൾ എറിഞ്ഞുകൂട്ടി ഇന്ത്യൻ ബൗളർമാർ, വമ്പൻ സ്കോർ നേടി ശ്രീലങ്ക

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ വമ്പൻ സ്കോർ നേടി ശ്രീലങ്ക. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക കുശാൽ മെൻഡിസിൻ്റെയും ക്യാപ്റ്റൻ ഷണകയുടെയും മികവിലാണ് വമ്പൻ സ്കോർ നേടിയത്. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് ശ്രീലങ്ക നേടി.

ശ്രീലങ്കയ്ക്ക് വേണ്ടി ഓപ്പണർ കുശാൽ മെൻഡിസ് 31 പന്തിൽ 3 ഫോറും 4 സിക്സും അടക്കം 52 റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ ഷണക 22 പന്തിൽ 2 ഫോറും 6 സിക്സും അടക്കം പുറത്താകാതെ 56 റൺസ് അടിച്ചുകൂട്ടി. വെറും 20 പന്തിൽ നിന്നുമാണ് ഷണക തൻ്റെ ഫിഫ്റ്റി പൂർത്തിയാക്കിയത്. അസലങ്ക 19 പന്തിൽ 4 സിക്സ് അടക്കം 37 റൺസ് അടിച്ചുകൂട്ടി.

നാലോവറിൽ 24 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയ അക്ഷർ പട്ടേൽ മാത്രമാണ് റൺസ് വിട്ടുകൊടുക്കാൻ പിശുക്ക് കാണിച്ചത്. ഉമ്രാൻ മാലിക്ക് മൂന്ന് വിക്കറ്റ് നേടിയെങ്കിലും നാലോവറിൽ 48 റൺസ് വഴങ്ങി. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ശിവം മാവി 53 റൺസ് വഴങ്ങിയപ്പോൾ അതിലും ദയനീയ പ്രകടനമായിരുന്നു അർഷ്ദീപ് സിങ് കാഴ്ച്ചവെച്ചത്.

ആദ്യ ഓവറിൽ തുടർച്ചയായ മൂന്ന് നോ ബോൾ ഉൾപ്പെടെ 19 റൺസ് വഴങ്ങിയ താരം പിന്നീട് എറിഞ്ഞ ഓവറിൽ രണ്ട് നോ ബോൾ ഉൾപ്പെടെ 18 റൺസ് വഴങ്ങി. അഞ്ച് നോ ബോളുകളാണ് താരം എറിഞ്ഞത്. ഇതടക്കം 7 നോ ബോളുകൾ മത്സരത്തിൽ ഇന്ത്യൻ ബൗളർമാർ എറിഞ്ഞു.