കളിച്ചത് 22 മത്സരങ്ങൾ എറിഞ്ഞത് 12 നോ ബോൾ, നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി അർഷ്ദീപ്

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തുടർച്ചയായി മൂന്ന് നോ ബോളുകൾ എറിഞ്ഞ് ഇന്ത്യയുടെ യുവപേസർ അർഷ്ദീപ് സിങ്. രണ്ടാം ഓവറിൽ എറിഞ്ഞ ഈ മൂന്ന് നോ ബോളോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നാണക്കേടിൻ്റെ റെക്കോർഡ് താരം സ്വന്തമാക്കി.

ശ്രീലങ്കൻ ഇന്നിങ്സിലെ രണ്ടാം ഓവറിലായിരുന്നു താരം തുടർച്ചയായി മൂന്ന് നോ ബോളുകൾ എറിഞ്ഞത്. ആദ്യ അഞ്ച് പന്തുകൾ പിഴവുകൾ കൂടാതെ പൂർത്തിയാക്കിയ താരത്തിന് ഓവർ പൂർത്തിയാക്കുവാൻ പിന്നീട് നാല് പന്തുകൾ എറിയേണ്ടിവന്നു. 19 റൺസാണ് ഓവറിൽ താരം വഴങ്ങിയത്. തൻ്റെ ആദ്യ ഓവറിൽ എറിഞ്ഞ ഈ മൂന്ന് നോ ബോളോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ നോ ബോൾ എറിയുന്ന ബൗളറെന്ന മോശം റെക്കോർഡ് താരം സ്വന്തമാക്കി.

വെറും 22 മത്സരങ്ങൾ മാത്രം കളിച്ച അർഷ്ദീപ് അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 12 നോ ബോളുകൾ എറിഞ്ഞിട്ടുണ്ട്. 11 തവണ നോ ബോൾ എറിഞ്ഞിട്ടുള്ള പാക് പേസർ ഹസൻ അലി, വിൻഡീസ് ബൗളർമാരായ കീമോ പോൾ, ഒഷെയ്ൻ തോമസ് എന്നിവരെയാണ് അർഷ്ദീപ് സിങ് പിന്നിലാക്കിയത്.

ഇന്ത്യൻ താരങ്ങളിൽ എട്ട് നോ ബോൾ എറിഞ്ഞ ജസ്പ്രീത് ബുംറ, 5 നോ ബോൾ എറിഞ്ഞ യുസ്വെന്ദ്ര ചഹാൽ എന്നിവരാണ് അർഷ്ദീപ് സിങിന് പിന്നിലുള്ളത്.