ശ്രീലങ്കയ്ക്കെതിരെ തുടർച്ചയായി മൂന്ന് നോ ബോളുകൾ എറിഞ്ഞ് അർഷ്ദീപ്, ഓവറിൽ വഴങ്ങിയത് 19 റൺസ്

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ അലസമായ ബൗളിങുമായി യുവതാരം അർഷ്ദീപ് സിങ്. ആദ്യ മത്സരം അസുഖം മൂലം നഷ്ടമായ ശേഷം രണ്ടാം മത്സരത്തിൽ തിരിച്ചെത്തിയ താരം തൻ്റെ ആദ്യ ഓവറിൽ തുടർച്ചയായ മൂന്ന് നോ ബോളുകൾ എറിയുകയായിരുന്നു.

ശ്രീലങ്കൻ ഇന്നിങ്സിലെ രണ്ടാം ഓവറിലായിരുന്നു താരത്തിൻ്റെ അലസമായ ബൗളിങ്. ഓവറിലെ ആദ്യ പന്തിൽ തന്നെ ബൗണ്ടറി വഴങ്ങിയ താരം പിന്നീടുള്ള രണ്ട് പന്തുകളിൽ റൺസൊന്നും വഴങ്ങിയിരുന്നില്ല. അടുത്ത പന്തിൽ സിംഗിൾ വഴങ്ങിയ താരം അടുത്ത പന്ത് ഡോട്ട് ബോളാക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഓവർ പൂർത്തിയാക്കുവാൻ നാല് പന്തുകളാണ് താരത്തിന് വേണ്ടിവന്നത്. ആദ്യ നോ ബോളിൽ കുശാൽ മെൻഡിസ് റൺസൊന്നും നേടാതിരുന്നപ്പോൾ തുടർന്നുള്ള രണ്ട് നോ ബോളുകളിൽ താരം ഫോറും സിക്സും നേടി.

19 റൺസാണ് ആദ്യ ഓവറിൽ അർഷ്ദീപ് വിട്ടുകൊടുത്തത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ ബൗളർ ഒരോവറിൽ തുടർച്ചയായി മൂന്ന് നോ ബോളുകൾ എറിയുന്നത്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ വിജയിച്ച ഇന്ത്യ രണ്ട് മാറ്റങ്ങളോടെയാണ് എത്തിയിരിക്കുന്നത്.

പരിക്കേറ്റ സഞ്ജു സാംസണ് പകരക്കാരനായി രാഹുൽ ത്രിപാതി എത്തിയപ്പോൾ ഹർഷൽ പട്ടേലിന് പകരക്കാരനായി അർഷ്ദീപ് സിങ് പ്ലേയിങ് ഇലവനിൽ ഇടം നേടി.