Skip to content

ഏഷ്യ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും വീണ്ടും ഒരേ ഗ്രൂപ്പിൽ

ഈ വർഷം നടക്കുന്ന എഷ്യ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ. ബിസിസിഐ സെക്രട്ടറിയും ഏഷ്യ ക്രിക്കറ്റ് കൗൺസിൽ ചെയർമാനുമായ ജയ് ഷായാണ് ഏഷ്യ കപ്പിലെ ഗ്രൂപ്പ് വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഇക്കുറി 50 ഓവർ ഫോർമാറ്റിലായിരിക്കും ഏഷ്യ കപ്പ് നടക്കുക.

ഐസിസി ഏകദിന ലോകകപ്പിന് മുൻപായി സെപ്റ്റംബറിലാണ് ഏഷ്യ കപ്പ് നടക്കുക. പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ടൂർണമെൻ്റ് യു എ ഇയിലായിരിക്കും നടക്കുക. നേരത്തെ ഏഷ്യ കപ്പിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലെന്നും ഏഷ്യ കപ്പ് പാകിസ്ഥാനിൽ നിന്നും മാറ്റുമെന്നുള്ള ജയ് ഷായുടെ പ്രസ്ഥാവന വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

ഏഷ്യ കപ്പിനായി ഇന്ത്യ പാകിസ്ഥാനിൽ വന്നില്ലെങ്കിൽ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ പിന്നീട് റമീസ് രാജയെ തന്നെ പാക് ക്രിക്കറ്റ് ബോർഡ് പുറത്താക്കുകയും പുതിയ ചെയർമാനെ നിയമിക്കുകയും ചെയ്തു.

6 ടീമുകളാണ് ഇക്കുറി ഏഷ്യ കപ്പിനുണ്ടാവുക. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളാണ് രണ്ടാം ഗ്രൂപ്പിലുള്ളത്. ക്വാളിഫയറിൽ വിജയിക്കുന്ന ടീമായിരിക്കും ഇന്ത്യയ്ക്കും പാകിസ്ഥാനുമൊപ്പം ആദ്യ ഗ്രൂപ്പിൽ ഇടം നേടുക. ടി20 ഫോർമാറ്റിൽ നടന്ന കഴിഞ്ഞ ഏഷ്യ കപ്പിൽ ശ്രീലങ്കയാണ് കിരീടം ചൂടിയത്. ഫൈനലിൽ പാകിസ്ഥാനെ പരാജയപെടുത്തികൊണ്ടാണ് ശ്രീലങ്ക ചാമ്പ്യന്മാരായത്.