Skip to content

പോണ്ടിങിനെയും ഹെയ്ഡനെയും പിന്നിലാക്കി സ്മിത്ത്, തലപ്പത്ത് സച്ചിൻ ടെണ്ടുൽക്കർ

മികച്ച പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് കാഴ്ച്ചവെച്ചത്. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ നേടിയ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡിൽ ഇതിഹാസ താരങ്ങളായ റിക്കി പോണ്ടിങ്, മാത്യൂ ഹെയ്ഡൻ എന്നിവരെ പിന്നിലാക്കിയിരിക്കുകയാണ് സ്റ്റീവ് സ്മിത്ത്. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറാണ് ഈ റെക്കോർഡിലും തലപത്തുള്ളത്.

മത്സരത്തിലെ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ 30 സെഞ്ചുറി സ്റ്റീവ് സ്മിത്ത് പൂർത്തിയാക്കി. 30 സെഞ്ചുറികൾ നേടുവാൻ വെറും 162 ഇന്നിങ്സ് മാത്രമാണ് സ്മിത്തിന് വേണ്ടിവന്നത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 30 സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനായി സ്റ്റീവ് സ്മിത്ത് മാറി.

മാത്യൂ ഹെയ്ഡൻ (167 ഇന്നിങ്സ്), റിക്കി പോണ്ടിങ് (170 ഇന്നിങ്സ്), സുനിൽ ഗാവസ്കർ (174 ഇന്നിങ്സ്) എന്നിവരെയാണ് സ്റ്റീവ് സ്മിത്ത് പിന്നിലാക്കിയത്. 159 ഇന്നിങ്സിൽ നിന്നും 30 സെഞ്ചുറി പൂർത്തിയാക്കിയ സച്ചിൻ ടെണ്ടുൽക്കറാണ് ഈ റെക്കോർഡിൽ തലപ്പത്തുള്ളത്.

കൂടാതെ മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഓസ്ട്രേലിയൻ താരമെന്ന നേട്ടത്തിൽ മാത്യൂ ഹെയ്ഡനൊപ്പം സ്റ്റീവ് സ്മിത്തെത്തി. 32 സെഞ്ചുറി നേടിയ സ്റ്റീവ് വോ, 41 സെഞ്ചുറി നേടിയ റിക്കി പോണ്ടിങ് എന്നിവർ മാത്രമാണ് ഇനി സ്മിത്തിന് മുൻപിലുള്ളത്.