Skip to content

സൗത്താഫ്രിക്കയ്ക്കെതിരായ സെഞ്ചുറി, സാക്ഷാൽ ഡോൺ ബ്രാഡ്മാനെ പിന്നിലാക്കി സ്റ്റീവ് സ്മിത്ത്

തകർപ്പൻ പ്രകടനമാണ് സിഡ്നിയിൽ നടക്കുന്ന സൗത്താഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ സ്റ്റീവ് സ്മിത്ത് കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ സെഞ്ചുറി കുറിച്ച സ്റ്റീവ് സ്മിത്ത് ചരിത്രനേട്ടത്തിൽ സാക്ഷാൽ ഡോൺ ബ്രാഡ്മാനെയും പിന്നിലാക്കി.

ആദ്യ ഇന്നിങ്സിൽ 192 പന്തിൽ 104 റൺസ് നേടിയാണ് സ്റ്റീവ് സ്മിത്ത് പുറത്തായത്. ടെസ്റ്റ് ക്രിക്കറ്റിലെ സ്മിത്തിൻ്റെ മുപ്പതാം സെഞ്ചുറിയാണിത്. ഇതോടെ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറി നേടിയവരുടെ പട്ടികയിൽ 29 സെഞ്ചുറി നേടിയ ഡോൺ ബ്രാഡ്മാനെ സ്റ്റീവ് സ്മിത്ത് പിന്നിലാക്കി.

മത്സരത്തിലെ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ഓസ്ട്രേലിയൻ താരങ്ങളുടെ പട്ടികയിൽ മാത്യൂ ഹെയ്‌ഡനൊപ്പം സ്റ്റീവ് സ്മിത്ത് മൂന്നാം സ്ഥാനത്തെത്തി. 30 സെഞ്ചുറിയാണ് മാത്യൂ ഹെയ്ഡനും ടെസ്റ്റ് ക്രിക്കറ്റിൽ നേടിയിട്ടുള്ളത്. 32 സെഞ്ചുറി നേടിയ സ്റ്റീവ് വോ, 41 സെഞ്ചുറി നേടിയ റിക്കി പോണ്ടിങ് എന്നിവർ മാത്രമാണ് ഈ പട്ടികയിൽ ഇനി സ്മിത്തിന് മുൻപിലുള്ളത്.

മത്സരത്തിലേക്ക് വരുമ്പോൾ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തിൽ 475 റൺസ് നേടിയിട്ടുണ്ട്. 195 റൺസ് നേടിയ ഉസ്മാൻ ഖവാജയും 5 റൺസ് നേടിയ മാറ്റ് റെൻഷോയുമാണ് ഓസ്ട്രേലിയക്ക് വേണ്ടി ക്രീസിലുള്ളത്. 10 റൺസ് നേടിയ ഡേവിഡ് വാർണർ, 79 റൺസ് നേടിയ ലാബുഷെയ്ൻ, 104 റൺസ് നേടിയ സ്റ്റീവ് സ്മിത്ത്, 59 പന്തിൽ 70 റൺസ് നേടിയ ട്രാവിസ് ഹെഡ് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്.