Skip to content

2022 മുതൽ വഴങ്ങിയത് 45 സിക്സ്, മോശം ഫോമിലും ഹർഷൽ പട്ടേലിനെ കൈവിടാതെ ഇന്ത്യ

പുതിയ വർഷത്തിൽ വമ്പൻ മാറ്റങ്ങളോടെ ഹാർദിക്ക് പാണ്ഡ്യയുടെ കീഴിൽ ഇന്ത്യ എത്തിയത്. ഗില്ലിനും മാവിയ്ക്കും അവസരം നൽകിയ ഇന്ത്യ വിജയത്തോടെ തുടങ്ങുകയും ചെയ്തു. എന്നാൽ വിജയത്തിലും ഇന്ത്യൻ ആരാധകരുടെ വിമർശനം ഏറ്റുവാങ്ങിയിരിക്കുകയാണ് ടീമിലെ പേസർ ഹർഷൽ പട്ടേൽ. കഴിഞ്ഞ വർഷത്തെ മോശം പ്രകടനത്തിന് ശേഷവും ഹർഷലിന് വീണ്ടും അവസരം നൽകുന്നതെന്തിനാണെന്ന ചോദ്യങ്ങൾ ഉയർന്നുകൊണ്ടിരിക്കുകയാണ്.

ഐ പി എല്ലിലെ മികച്ച പ്രകടനത്തോടെ ടീമിലെത്തിയ ഹർഷൽ തുടക്കത്തിൽ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്കായി കാഴ്ച്ചവെച്ചത്. ആദ്യ 12 മത്സരങ്ങളിൽ 8.1 ഇക്കോണമിയിൽ 18 വിക്കറ്റ് താരം നേടിയിരുന്നു. എന്നാൽ കഴിഞ്ഞ 12 ഇന്നിങ്സിൽ താരത്തിൻ്റെ പ്രകടനം അതിദയനീയമാണ്.

കഴിഞ്ഞ 12 മത്സരങ്ങളിൽ 11 വിക്കറ്റ് മാത്രമാണ് ഹർഷൽ പട്ടേൽ നേടിയത്. താരത്തിൻ്റെ ഇക്കോണമിയാകട്ടെ പത്തിന് മുകളിലാണ്. കഴിഞ്ഞ 12 മത്സരങ്ങളിൽ അഞ്ചിലും ഓരോവറിൽ പത്തിൽ കൂടുതൽ റൺസ് വീതം താരം വഴങ്ങിയിരുന്നു. അന്താരാഷ്ട്ര ടി20 കരിയറിൽ താരത്തിൻ്റെ ഇക്കോണമി റേറ്റ് 9.18 ആണ്. ടോം കറൺ (9.25), തിസേര പെരേര (9.34) റൂബൽ ഹോസൈൻ (9.45) എന്നിവർക്ക് മാത്രമാണ് ഹർഷൽ പട്ടേലിനെക്കാൾ മോശം ഇക്കോണമി റേറ്റുള്ളത്.

ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20 മത്സരത്തിൽ മൂന്ന് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 42 റൺസ് താരം വിട്ടുകൊടുത്തിരുന്നു. അടുത്ത മത്സരത്തിൽ അർഷ്ദീപ് മടങ്ങിയെത്തുന്നതോടെ ഹർഷൽ പുറത്തുപോകുമോ അതോ ആദ്യ മത്സരത്തിൽ തിളങ്ങിയ ശിവം മാവിയെ ഹർഷലിന് വേണ്ടി ഇന്ത്യ ഒഴിവാക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.