ഇത്തരം വെല്ലുവിളികൾ വലിയ മത്സരങ്ങളിൽ ടീമിനെ സഹായിക്കും, അവസാന ഓവർ അക്ഷർ പട്ടേലിന് നൽകിയതിനെ കുറിച്ച് ഹാർദിക്ക് പാണ്ഡ്യ

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ നിർണായക ഘട്ടത്തിൽ അവസാന ഓവർ സ്പിന്നറായ അക്ഷർ പട്ടേലിന് നൽകിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. തനിക്ക് ഒരോവർ കൂടെ ബാക്കിയുണ്ടായിരുന്നുവെങ്കിലും ഏവരെയും ഞെട്ടിച്ചുകൊണ്ട് ഹാർദിക്ക് അക്ഷർ പട്ടേലിന് ഓവർ കൈമാറുകയായിരുന്നു..

എളുപ്പത്തിൽ വിജയം നേടാതിരിക്കാൻ വേണ്ടിതന്നെയാണ് താൻ ഓവർ സ്പിന്നറായ അക്ഷർ പട്ടേലിന് കൈമാറിയതെന്ന് മത്സരശേഷം ഹാർദിക്ക് പറഞ്ഞു.

” ഒരുപക്ഷേ ടീം പരാജയപെട്ടേക്കാം, അതിലെനിക്ക് കുഴപ്പമില്ല, ടീമിനെ പ്രയാസകരമായ സാഹചര്യങ്ങളിൽ എത്തിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു കാരണം അത് വലിയ മത്സരങ്ങളിൽ ടീമിനെ സഹായിക്കും. പരമ്പരകളിൽ നമ്മുടെ പ്രകടനം മികച്ചതാണ്. ഇങ്ങനെയാണ് നമ്മൾ സ്വയം വെല്ലുവിളിയാകേണ്ടത്. ” ഹാർദിക്ക് പാണ്ഡ്യ പറഞ്ഞു.

മത്സരത്തിൽ 2 റൺസിൻ്റെ ആവേശകരമായ വിജയമാണ് ഇന്ത്യ നേടിയത്. അവസാന ഓവറിൽ 13 റൺസ് വേണമെന്നിരിക്കെ കരുണരത്നെ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തിയെങ്കിലും അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിനൊടുവിൽ ഇന്ത്യ വിജയം കുറിക്കുകയായിരുന്നു. നാലോവറിൽ നാല് വിക്കറ്റ് നേടിയ അരങ്ങേറ്റക്കാരൻ ശിവം മാവിയാണ് ബൗളിങിൽ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. ബാറ്റിങിൽ മുൻനിര നിറംമങ്ങിയെങ്കിലും 23 പന്തിൽ 41 റൺസ് നേടിയ ദീപക് ഹൂഡയും 20 പന്തിൽ 31 റൺസ് നേടിയ അക്ഷർ പട്ടേലും തിളങ്ങിയതോടെയാണ് ഇന്ത്യ പൊരുതാവുന്ന സ്കോർ നേടിയത്.