Skip to content

നിറംമങ്ങി മുൻനിര, ഹൂഡയുടെയും അക്ഷറിൻ്റെയും മികവിൽ ഭേദപ്പെട്ട സ്കോർ നേടി ഇന്ത്യ

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ. മുൻനിര നിരാശപെടുത്തിയപ്പോൾ അക്ഷർ പട്ടേലിൻ്റെയും ദീപക് ഹൂഡയുടെയും മികച്ച ബാറ്റിങ് മികവിലാണ് പൊരുതാവുന്ന സ്കോർ ഇന്ത്യ നേടിയത്. ഇരുവരുടെയും മികവിൽ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് ഇന്ത്യ നേടി.

മത്സരത്തിൽ ആദ്യ ഓവറിൽ 17 റൺസ് നേടി ആവേശകരമായ തുടക്കം ഇഷാൻ കിഷൻ ഇന്ത്യയ്ക്ക് സമ്മാനിച്ചിരുന്നു. എന്നാൽ ഈ തുടക്കം മുതലാക്കുവാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. അന്താരാഷ്ട്ര ടി20 യിൽ അരങ്ങേറ്റം കുറിച്ച ശുഭ്മാൻ ഗിൽ 5 പന്തിൽ 7 റൺസ് നേടി പുറത്തായപ്പോൾ പിന്നാലെ എത്തിയ സൂര്യകുമാർ യാദവ് 10 പന്തിൽ 7 റൺസും നാലാമനായി എത്തിയ സഞ്ജു സാംസൺ 5 റൺസും നേടി പുറത്തായി.

മികച്ച ഫോമിലുള്ള ഇഷാൻ കിഷൻ 29 പന്തിൽ 37 റൺസ് നേടി പുറത്തായപ്പോൾ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ 27 പന്തിൽ 29 റൺസ് നേടി പുറത്തായി. പിന്നീട് ആറാം വിക്കറ്റിൽ ഒത്തുചേർന്ന ദീപക് ഹൂഡയും അക്ഷർ പട്ടേലും ചേർന്നാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ദീപക് ഹൂഡ 23 പന്തിൽ ഒരു ഫോറും 4 സിക്സും ഉൾപ്പടെ 41 റൺസ് നേടിയപ്പോൾ അക്ഷർ പട്ടേൽ 20 പന്തിൽ 31 റൺസ് നേടി.