Skip to content

ഡൽഹി ക്യാപിറ്റൽസിലേക്ക് തിരികെയെത്തി മുൻ ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി

ഐ പി എൽ ഫ്രാഞ്ചൈസിയായ ഡൽഹി ക്യാപിറ്റൽസിലേക്ക് തിരികെയെത്തി മുൻ ഇന്ത്യൻ ക്യാപ്റ്റനും മുൻ ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലി. വരുന്ന സീസണിന് മുൻപായി ഡൽഹി ക്യാപിറ്റൽസിൻ്റെ ക്രിക്കറ്റ് ഓപ്പറേഷൻസ് ഹെഡായി ഗാംഗുലി സ്ഥാനം ഏറ്റെടുക്കും.

കഴിഞ്ഞ വർഷമാണ് ബിസിസിഐ പ്രസിഡൻ്റ് സ്ഥാനം സൗരവ് ഗാംഗുലി ഒഴിയേണ്ടിവന്നത്. പ്രസിഡൻ്റായി തുടരുവാൻ ഗാംഗുലി താൽപ്പര്യം പ്രകടിപ്പിച്ചുവെങ്കിലും മതിയായ പിന്തുണ ഗാംഗുലിയ്ക്ക് ലഭിച്ചില്ല. റോജർ ബിന്നിയെയാണ് പുതിയ പ്രസിഡൻ്റായി ബിസിസിഐ തിരഞ്ഞെടുത്തത്. ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് ഗാംഗുലി മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും പിന്തുണ ലഭിക്കാതിരുന്നതോടെ ആ തീരുമാനത്തിൽ നിന്നും ഗാംഗുലി പിന്മാറുകയായിരുന്നു. അതിനൊപ്പം ഐ പി എൽ ചെയർമാനാകാനുള്ള ബിസിസിഐയുടെ ഓഫറും ഗാംഗുലി നിരസിച്ചിരുന്നു.

ബിസിസിഐ പ്രസിഡൻ്റ് ആകുന്നതിന് മുൻപേ ഡൽഹി ക്യാപിറ്റൽസിനൊപ്പം ചേർന്ന് ഗാംഗുലി പ്രവർത്തിച്ചിരുന്നു. 2019 സീസണിൽ ടീമിൻ്റെ ഉപദേശകനായി ഗാംഗുലി പ്രവർത്തിച്ചിരുന്നു.

വലിയ വെല്ലുവിളിയാണ് വരുന്ന സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ കാത്തിരിക്കുന്നത്. കാറപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ക്യാപ്റ്റൻ റിഷഭ് പന്തിന് ഈ സീസൺ മുഴുവനായും നഷ്ടപെടുമെന്നാണ് റിപോർട്ടുകൾ പറയുന്നത്. അതുകൊണ്ട് തന്നെ പന്തിൻ്റെ അഭാവത്തിൽ പുതിയ ക്യാപ്റ്റനെ ഡൽഹിയ്ക്ക് കണ്ടെത്തേണ്ടിവരും. അങ്ങനെയെങ്കിൽ ടീമിലെ സീനിയർ താരം ഡേവിഡ് വാർണറായിരിക്കും അടുത്ത ക്യാപ്റ്റനാകുവാൻ സാധ്യത കൽപ്പിക്കപെടുന്ന താരം. യുവതാരവും ഓപ്പണറും കൂടിയായ പൃഥ്വി ഷായാണ് ക്യാപ്റ്റനാകുവാൻ സാധ്യത കൽപ്പിക്കപെടുന്ന മറ്റൊരു താരം.