പത്താം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 104 റൺസ്, പാകിസ്ഥാനെ വെള്ളംകുടിപ്പിച്ച് ന്യൂസിലൻഡ്

പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ വമ്പൻ സ്കോർ കുറിച്ച് ന്യൂസിലൻഡ്. പത്താം വിക്കറ്റിലെ 104 റൺസിൻ്റെ കൂട്ടുകെട്ടിൻ്റെ മികവിൽ ആദ്യ ഇന്നിങ്സിൽ ന്യൂസിലൻഡ് 449 റൺസ് അടിച്ചുകൂട്ടി.

മികച്ച തുടക്കമാണ് ന്യൂസിലൻഫീന് ലഭിച്ചത്. ഓപ്പണിംഗ് കൂട്ടുകെട്ടിൽ 134 റൺസ് ടോം ലാതവും ഡെവൻ കോൺവെയും കൂട്ടിച്ചേർത്തിരുന്നു. ടോം ലാതം 71 റൺസ് നേടി പുറത്തായപ്പോൾ ഡെവൻ കോൺവെ 122 റൺസ് നേടി പുറത്തായി. മധ്യനിരയിൽ 51 റൺസ് നേടിയ വിക്കറ്റ് കീപ്പർ ടോം ബ്ലൻഡൽ മാത്രമാണ് തിളങ്ങിയത്. കെയ്ൻ വില്യംസൺ 36 റൺശും ഹെൻറി നിക്കോൾസ് 26 റൺസും ഡാരൽ മിച്ചൽ 3 റൺസും നേടി പുറത്തായി.

345 റൺസിന് 9 വിക്കറ്റുകളും പാക് ബൗളർമാർ വീഴ്ത്തിയെങ്കിലും പിന്നീട് പാകിസ്ഥാൻ അക്ഷരാർത്ഥത്തിൽ വെള്ളം കുടിക്കുകയായിരുന്നു.

പത്താം വിക്കറ്റിൽ 104 റൺസാണ് മാറ്റ് ഹെൻറിയും അജാസ് പട്ടേലും കൂട്ടിച്ചേർത്തത്. ഹെൻറി 81 പന്തിൽ 68 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ അജാസ് പട്ടേൽ 35 റൺസ് നേടി പുറത്തായി.

പാകിസ്ഥാന് വേണ്ടി അബ്രാർ അഹമ്മദ് നാല് വിക്കറ്റും അഗ സൽമാൻ, നസീം ഷാ എന്നിവർ മൂന്ന് വിക്കറ്റ് വീതവും നേടി.