അത് ദൗർഭാഗ്യകരം, അവൻ ടീമിലെ പ്രധാനപെട്ട താരമായിരുന്നു, പന്തിൻ്റെ അപകടത്തെ കുറിച്ച് പ്രതികരിച്ച് ഹാർദിക്ക് പാണ്ഡ്യ

ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിൻ്റെ അപകടത്തെ കുറിച്ച് ഹാർദിക്ക് പാണ്ഡ്യ. സംഭവിച്ചതെല്ലാം ദൗർഭാഗ്യകരമാണെന്നും ടീമിൻ്റെ സ്നേഹവും പ്രാർത്ഥനയും പന്തിനൊപ്പമുണ്ടെന്നും ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്ക് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിൽ പാണ്ഡ്യ പറഞ്ഞു.

” സംഭവിച്ചത് വളരെ ദൗർഭാഗ്യകരമാണ്. ഒരു ടീമെന്ന നിലയിൽ അവന് വേണ്ട എല്ലാ പിന്തുണയും ഞങ്ങൾ നൽകും. ഞങ്ങളുടെ സ്നേഹവും പ്രാർത്ഥനയും അവനൊപ്പമുണ്ടാകും. അവൻ വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അവൻ ടീമിലെ പ്രധാനപെട്ട താരമായിരുന്നു. ”

” അവൻ്റെ അഭാവത്തിൽ മറ്റുള്ളവർക്ക് അവസരം ലഭിക്കും. റിഷഭ് അവിടെയുണ്ടെങ്കിൽ അവൻ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയേനെ കാരണം അവൻ അത്തരത്തിലുള്ള കളിക്കാരനാണ്. ഇപ്പോൾ അവൻ ഇവിടെയില്ല. ഭാവി നമുക്കായി എന്താണ് കരുതിവെച്ചിരിക്കുന്നതെന്ന് നോക്കാം. ” ഹാർദിക്ക് പാണ്ഡ്യ പറഞ്ഞു.

വെള്ളിയാഴ്ച്ച രാവിലെയായിരുന്നു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അപകടമുണ്ടായത്. ഡൽഹിയിൽ നിന്നും വീട്ടിലേക്ക് മടങ്ങവേ പന്ത് സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് പൊട്ടിതെറിക്കുകയായിരുന്നു. താരം സാഹസികമായി രക്ഷപെട്ടുവെങ്കിലും സാരമായി പരിക്കുകൾ പറ്റിയിരുന്നു. പൂർണമായും ആരോഗ്യം വീണ്ടെടുക്കാൻ താരത്തിന് മൂന്ന് മുതൽ 6 മാസം വരെ വേണ്ടിവരുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. പന്തിനെ ഐ സി യൂവിൽ നിന്നും പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. പന്ത് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം ബിസിസിഐ നിയമിക്കുന്ന ഡോക്ടർമാരുടെ പാനൽ താരത്തെ പരിശോധിക്കും.