ലോകകപ്പ് നേടുകയാണ് എൻ്റെ ന്യൂയർ റെസലൂഷൻ, ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ

പുതിയ വർഷത്തിൽ തൻ്റെ ഏറ്റവും വലിയ ലക്ഷ്യം ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പ് നേടുകയെന്നതാണെന്ന് ഇന്ത്യൻ ടി20 ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയ്ക്ക് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിലായിരുന്നു പാണ്ഡ്യയുടെ ഈ പ്രതികരണം. പരിക്കിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും ടീമിന് വേണ്ടി തൻ്റെ 100 ശതമാനവും നൽകുമെന്നും പാണ്ഡ്യ പറഞ്ഞു.

” എനിക്കറിയാവുന്ന ഒരേയൊരു ഭാഷ ഹാർഡ് വർക്കാണ്. പരിക്കുകൾ എൻ്റെ കയ്യിലല്ല. പക്ഷേ ഈ പ്രക്രിയയിൽ ഞാൻ വിശ്വസിക്കുന്നുണ്ട്. 2022 വ്യക്തിഗതമായി എനിക്ക് മികച്ച വർഷമായിരുന്നു. പക്ഷേ ഞങ്ങൾക്ക് ലോകകപ്പ് നേടുവാൻ കഴിഞ്ഞില്ല. മൾട്ടി നേഷൻ ടൂർണമെൻ്റുകളിൽ ടീമിനെ വിജയിപ്പിക്കുകയാണ് എൻ്റെ ലക്ഷ്യം. ”

” എൻ്റെ രാജ്യത്തിന് വേണ്ടി ലോകകപ്പ് നേടുകയെന്നതാണ് എൻ്റെ ന്യൂയർ റെസലൂഷൻ. നിർഭാഗ്യവശാൽ കഴിഞ്ഞ വർഷം ഞങ്ങൾക്കതിന് സാധിച്ചില്ല. ഈ വർഷം മെച്ചപ്പെട്ട രീതിയിൽ അത് ചെയ്യുവാൻ ഞാൻ ആഗ്രഹിക്കുന്നു. ” ഹാർദിക്ക് പാണ്ഡ്യ പറഞ്ഞു.

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത് ഹാർദിക്ക് പാണ്ഡ്യയാണ്. കൂടാതെ കെ എൽ രാഹുലിനെ മാറ്റി ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിൻ്റെ സ്ഥിര വൈസ് ക്യാപ്റ്റനായും ഹാർദിക്ക് പാണ്ഡ്യയെ ബിസിസിഐ നിയമിച്ചു.