Skip to content

ഭാഗ്യം തുണച്ചാൽ ഞാനത് തകർക്കും, എൻ്റെ ലക്ഷ്യം ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുകയാണ്, ഉമ്രാൻ മാലിക്ക്

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പന്തെന്ന മുൻ പാക് പേസർ ഷോയിബ് അക്തറിൻ്റെ റെക്കോർഡ് തകർക്കുവാൻ തനിക്ക് സാധിക്കുമെന്ന് ഇന്ത്യയുടെ യുവപേസർ ഉമ്രാൻ മാലിക്ക്. പക്ഷേ തൻ്റെ ലക്ഷ്യം ആ റെക്കോർഡ് തകർക്കുകയെന്നതല്ലെന്നും അതിനെ കുറിച്ച് താൻ ചിന്തിക്കുന്നില്ലയെന്നും ഉമ്രാൻ മാലിക്ക് പറഞ്ഞു.

” ഞാനിപ്പോൾ എൻ്റെ രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്നതിനെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. ഞാൻ മികച്ച പ്രകടനം പുറത്തെടുക്കുകയും ഒപ്പം ഭാഗ്യം തുണയ്ക്കുകയും ചെയ്താൽ എനിക്കാ റെക്കോർഡ് തകർക്കുവാൻ സാധിച്ചേക്കും. പക്ഷെ അതിനെ കുറിച്ച് ഞാനിപ്പോൾ ചിന്തിക്കുന്നില്ല. ” അക്തറിൻ്റെ റെക്കോർഡ് തകർക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി ഇന്ത്യൻ യുവതാരം പറഞ്ഞു.

” മത്സരത്തിനിടെ എത്ര വേഗത്തിലെറിഞ്ഞുവെന്നതിനെ കുറിച്ച് ഞാൻ ചിന്തിക്കാറില്ല. മത്സരശേഷം തിരിച്ചെത്തുമ്പോൾ മാത്രമാണ് വേഗതയെ കുറിച്ച് മനസ്സിലാകുന്നത്. മത്സരത്തിനിടെ ശരിയായ ഏരിയകളിൽ പന്തെറിയുന്നതിലും വിക്കറ്റ് നേടുന്നതിലുമാണ് എൻ്റെ ശ്രദ്ധ. ” ഉമ്രാൻ മാലിക്ക് കൂട്ടിച്ചേർത്തു.

2002 ന്യൂസിലൻഡിനെതിരെ 161 kph വേഗതയിൽ പന്തെറിഞ്ഞുകൊണ്ടാണ് ഏറ്റവും വേഗമേറിയ ഡെലിവറിയെന്ന റെക്കോർഡ് അക്തർ സ്വന്തമാക്കിയത്. പിന്നീട് ഈ റെക്കോർഡ് തകർക്കുവാൻ മറ്റാർക്കും സാധിച്ചിട്ടില്ല. ഇന്ത്യയ്ക്ക് വേണ്ടി 5 ഏകദിന മത്സരങ്ങളിലും മൂന്ന് ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള ഉമ്രാൻ മാലിക്ക് 9 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ശ്രീലങ്കയ്ക്കെതിരായ ടി20 ഏകദിന പരമ്പരകളിലും താരത്തെ ഇന്ത്യ ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്.