Skip to content

വെറും 19 പന്തിൽ ഫിഫ്റ്റി, രഞ്ജി ട്രോഫിയിൽ റിയാൻ പരാഗിൻ്റെ വെടിക്കെട്ട്

രഞ്ജി ട്രോഫിയിൽ വെടിക്കെട്ട് ബാറ്റിങിലൂടെ ഞെട്ടിച്ച് ആസാമിൻ്റെ റിയാൻ പരാഗ്. വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച താരം ആ ഫോം ഹൈദരാബാദിനെതിരായ മത്സരത്തിലും തുടർന്നിരിക്കുകയാണ്. ടി20 ക്രിക്കറ്റിനെ വെല്ലുന്ന ശൈലിയിലായിരുന്നു മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ താരം ബാറ്റ് വീശിയത്.

നാലാമനായി ക്രീസിലെത്തിയ പരാഗ് 28 പന്തിൽ 8 ഫോറും 6 സിക്സും ഉൾപ്പടെ 78 റൺസ് നേടിയാണ് പുറത്തായത്. 270 ന് മുകളിൽ സ്ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്. ഈ സീസണിൽ നാല് ഇന്നിങ്സിൽ നിന്നും താരം നേടുന്ന മൂന്നാമത്തെ ഫിഫ്റ്റിയാണിത്.

നേരത്തെ സൗരാഷ്ട്രയ്ക്കെതിരായ ആദ്യ മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 76 റൺസും രണ്ടാം ഇന്നിങ്സിൽ 96 റൺസും താരം നേടിയിരുന്നു. രണ്ടാം മത്സരത്തിൽ ഡൽഹിയ്ക്കെതിരെ ഒരേയൊരു ഇന്നിങ്സിൽ മാത്രം കളിച്ച താരം 10 റൺസ് നേടി പുറത്തായിരുന്നു.

ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ പ്രകടനം റിയാൻ പരാഗ് കാഴ്ച്ചവെച്ചിരുന്നു. 9 മത്സരങ്ങളിൽ നിന്നും 69.00 ശരാശരിയിൽ 123.21 ശരാശരിയിൽ 552 റൺസ് റിയാൻ പരാഗ് നേടിയിരുന്നു. 9 വിക്കറ്റും സീസണിൽ താരം നേടിയിരുന്നു.