Skip to content

രക്ഷകരായി ശ്രേയസ് അയ്യരും അശ്വിനും, ബംഗ്ലാദേശിനെതിരെ ആവേശവിജയം കുറിച്ച് ഇന്ത്യ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 3 വിക്കറ്റിൻ്റെ വിജയം. ബംഗ്ലാദേശ് ഉയർത്തിയ 145 റൺസിൻ്റെ വിജയലക്ഷ്യം 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഒരു ഘട്ടത്തിൽ പരാജയത്തെ അഭിമുഖീകരിച്ച ഇന്ത്യ ശ്രേയസ് അയ്യരുടെയും ആശ്വിൻ്റെയും ബാറ്റിങ് മികവിലാണ് വിജയം കുറിച്ചത്.

45 ന് 4 എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഉനാട്കടിനെയും പിന്നാലെ റിഷഭ് പന്ത്, അക്ഷർ പട്ടേൽ എന്നിവരെയും നഷ്ടപ്പെട്ടിരുന്നു. അക്ഷർ 34 റൺസും ഉനാട്കട് 13 റൺസും നേടി പുറത്തായപ്പോൾ ആദ്യ ഇന്നിങ്സിൽ തിളങ്ങിയ പന്ത് 9 റൺസ് നേടി പുറത്തായി.

എന്നാൽ പിന്നീട് ബംഗ്ലാദേശിന് വിക്കറ്റുകൾ നേടുവാൻ അശ്വിനും അയ്യരും അനുവദിച്ചില്ല. ശ്രേയസ് അയ്യർ 29 റൺസ് നേടിയപ്പോൾ രവിചന്ദ്രൻ അശ്വിൻ 42 റൺസ് നേടി. എട്ടാം വിക്കറ്റിൽ 71 റൺസ് ഇരുവരും കൂട്ടിച്ചേർത്തു.

നേരത്തെ ആദ്യ ഇന്നിങ്സിൽ 87 റൺസിൻ്റെ ലീഡ് വഴങ്ങിയ ബംഗ്ലാദേശ് രണ്ടാം ഇന്നിങ്സിൽ 231 റൺസ് നേടിയാണ് ഇന്ത്യയ്ക്ക് മുൻപിൽ 145 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തിയത്. 73 റൺസ് നേടിയ ലിട്ടൻ ദാസ്, 51 റൺസ് നേടിയ സകീർ ഹസൻ എന്നിവരാണ് ബംഗ്ലാദേശിന് വേണ്ടി തിളങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി അക്ഷർ പട്ടേൽ മൂന്ന് വിക്കറ്റും സിറാജ് അശ്വിൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.