Skip to content

അരങ്ങേറ്റത്തിൽ അഞ്ച് വിക്കറ്റ് നേട്ടവുമായി രേഹൻ അഹമ്മദ്, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

തൻ്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ടിൻ്റെ യുവതാരം രേഹൻ അഹ്മദ്. കറാച്ചി ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലായിരുന്നു യുവതാരം അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയത്. താരത്തിൻ്റെ മികവിൽ പാകിസ്ഥാനെ രണ്ടാം ഇന്നിങ്സിൽ 216 റൺസിൽ ഇംഗ്ലണ്ട് ചുരുക്കികെട്ടി.

54 റൺസ് നേടിയ ക്യാപ്റ്റൻ ബാബർ അസം, 53 റൺസ് നേടിയ സൗദ് ഷക്കീൽ, മൊഹമ്മദ് റിസ്വാൻ, അഖ സൽമാൻ, മൊഹമ്മദ് വാസിം എന്നിവരെ പുറത്താക്കിയാണ് രേഹൻ അഹമ്മദ് തൻ്റെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. രേഹൻ അഹമ്മദിനൊപ്പം മൂന്ന് വിക്കറ്റ് നേടിയ ജാക്ക് ലീച്ചും ഇംഗ്ലണ്ടിന് വേണ്ടി മികവ് പുലർത്തി.

ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റത്തിൽ ഒരു ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് രേഹൻ അഹമ്മദ്. ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ്, ഷാഹിദ് അഫ്രീദി എന്നിവരെ പിന്നിലാക്കിയാണ് ഈ റെക്കോർഡ് രേഹൻ അഹമ്മദ് സ്വന്തമാക്കിയത്.

മത്സരത്തിലേക്ക് വരുമ്പോൾ ഇംഗ്ലണ്ടിന് മുൻപിൽ 167 റൺസ് ഉയർത്തുവാൻ മാത്രമാണ് പാകിസ്ഥാന് സാധിച്ചത്. നേരത്തെ ആദ്യ ഇന്നിങ്സിൽ പാകിസ്ഥാനെ 304 റൺസിൽ ഒതുക്കിയ ഇംഗ്ലണ്ട് മറുപടി ബാറ്റിങിൽ 354 റൺസ് നേടിയിരുന്നു.