Skip to content

ഇന്ത്യയ്ക്ക് തിരിച്ചടി, രണ്ടാം ടെസ്റ്റിൽ നിന്നും രോഹിത് ശർമ്മ പുറത്ത്

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ നിന്നും പുറത്ത്. ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ രോഹിത് ശർമ്മ ആദ്യ മത്സരത്തിലും കളിച്ചിരുന്നില്ല. പരിക്കിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി രോഹിത് ശർമ്മ ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. എന്നാൽ പരിക്കിൽ നിന്നും മുക്തനാകുവാൻ രോഹിത് ശർമ്മയ്ക്ക് സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

ഇതോടെ അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലായിരിക്കും രോഹിത് ശർമ്മ തിരിച്ചെത്തുക. ഡിസംബർ 22 ന് ധാക്കയിലാണ് രണ്ടാം മത്സരം ആരംഭിക്കുന്നത്.

ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റനായ ശേഷം ഒരു എവേ ടെസ്റ്റ് മത്സരവും കളിക്കാൻ രോഹിത് ശർമ്മയ്ക്ക് സാധിച്ചിട്ടില്ല. നേരത്തെ ഇംഗ്ലണ്ടിനെതിരായ ഒരേയൊരു ടെസ്റ്റ് മത്സരവും പരിക്ക് മൂലം രോഹിത് ശർമ്മയ്ക്ക് നഷ്ടപെട്ടിരുന്നു. സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലും രോഹിത് ശർമ്മ കളിച്ചിരുന്നില്ല.

ബംഗ്ലാദേശിനെതിരായ പരമ്പരയിലേക്ക് വരുമ്പോൾ ആദ്യ മത്സരത്തിൽ ഇന്ത്യ 188 റൺസിന് വിജയിച്ചിരുന്നു. വിജയത്തിനൊപ്പം ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ സൗത്താഫ്രിക്ക പരാജയപെട്ടതോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യ എത്തി. ഓസ്ട്രേലിയയാണ് പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ളത്. ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്ക് ശേഷം ഓസ്ട്രേലിയക്കെതിരായ പരമ്പരയാണ് ഇന്ത്യയ്ക്ക് മുൻപിൽ ശേഷിക്കുന്നത്.