Skip to content

വെറും 99 റൺസിന് പുറത്തായി സൗത്താഫ്രിക്ക, ഗാബ ടെസ്റ്റിൽ വിജയം കുറിച്ച് ഓസ്ട്രേലിയ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഓസ്ട്രേലിയക്ക് 6 വിക്കറ്റിൻ്റെ വിജയം. വെറും രണ്ട് ദിനം കൊണ്ടാണ് ഗാബയിൽ നടന്ന ടെസ്റ്റ് മത്സരം ഓസ്ട്രേലിയ അവസാനിപ്പിച്ചത്. രണ്ടാം ഇന്നിങ്സിൽ 34 റൺസിൻ്റെ വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു.

68 റൺസിൻ്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ സൗത്താഫ്രിക്കയ്ക്ക് 99 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. 29 റൺസ് നേടിയ ബാവുമ, 36 റൺസ് നേടിയ സൊണ്ടോ, 16 റൺസ് നേടിയ കേശവ് മഹാരാജ് എന്നിവർ മാത്രമാണ് സൗത്താഫ്രിക്കൻ നിരയിൽ രണ്ടക്കം കടന്നത്.

ഓസ്ട്രേലിയയ്ക്ക് വേണ്ടി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് 42 റൺസ് വഴങ്ങി അഞ്ച് വിക്കറ്റും, മിച്ചൽ സ്റ്റാർക്ക്, സ്കോട്ട് ബോളണ്ട് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേതൻ ലയൺ ഒരു വിക്കറ്റും നേടി.

നേരത്തെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 218 റൺസ് നേടിയിരുന്നു. തുടക്കത്തിൽ തകർന്ന ഓസ്ട്രേലിയ 96 പന്തിൽ 92 റൺസ് നേടിയ ട്രാവിസ് ഹെഡ്, 68 പന്തിൽ 36 റൺസ് നേടിയ സ്റ്റീവ് സ്മിത്ത് എന്നിവരുടെ മികവിലാണ് ബാറ്റിങ് ദുഷ്കരമായ പിച്ചിൽ മികച്ച സ്കോർ നേടിയത്. സൗത്താഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാഡ നാല് വിക്കറ്റും മാർക്കോ യാൻസൻ മൂന്ന് വിക്കറ്റും നോർകിയ രണ്ട് വിക്കറ്റും എൻകീഡി ഒരു വിക്കറ്റും നേടി.

ആദ്യ ഇന്നിങ്സിൽ 152 റൺസായിരുണ്ണ് സൗത്താഫ്രിക്കയ്ക്ക് നേടുവാൻ സാധിച്ചത്. 64 റൺസ് നേടിയ വിക്കറ്റ് കീപ്പർ കെയ്ൽ വെറെയ്ൻ, 38 റൺസ് നേടിയ ബാവുമ എന്നിവർ മാത്രമാണ് സൗത്താഫ്രിക്കൻ നിരയിൽ തിളങ്ങിയത്. ഓസ്ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക്, നേതൻ ലയൺ എന്നിവർ മൂന്ന് വിക്കറ്റ് വീതവും കമ്മിൻസ്, സ്കോട്ട് ബോളണ്ട് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.