Skip to content

നാലാം ടി20 യിൽ പോരാടി തോറ്റ് ഇന്ത്യ, ആവേശവിജയത്തോടെ പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ പോരാടിതോറ്റ് ഇന്ത്യ. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ 7 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. മത്സരത്തിലെ വിജയത്തോടെ പരമ്പര 3-1 ന് ഓസ്ട്രേലിയ സ്വന്തമാക്കി.

മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 189 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടാനെ സാധിച്ചുള്ളൂ. മികച്ച തുടക്കം മത്സരത്തിൽ ഇന്ത്യയ്ക്ക് ലഭിച്ചിരുന്നില്ല. സ്മൃതി മന്ദാന 16 റൺസ് നേടി പുറത്തായപ്പോൾ ഷഫാലി വർമ്മ 20 റൺസ് നേടി പുറത്തായി.

ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 30 പന്തിൽ 46 റൺസും ദേവിക വൈദ്യ 26 പന്തിൽ 32 റൺസും നേടി പുറത്തായി. ഹർമൻപ്രീത് കൗർ പുറത്തായ ശേഷം ക്രീസിലെത്തിയ റിച്ച ഗോഷാണ് ഓസ്ട്രേലിയയെ വിറപ്പിച്ചുകൊണ്ട് ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നൽകിയത്. 19 പന്തിൽ 4 ഫോറും 2 സിക്സും ഉൾപ്പടെ പുറത്താകാതെ 40 റൺസ് അടിച്ചുകൂട്ടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 42 പന്തിൽ 7 ഫോറും 4 സിക്സും അടക്കം 72 റൺസ് നേടിയ എലിസ് പെറി, 27 പന്തിൽ 42 റൺസ് നേടിയ ഗാർഡ്നർ, 12 പന്തിൽ 27 റൺസ് നേടിയ ഗ്രേസ് ഹാരിസ് എന്നിവരുടെ മികവിലാണ് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടിയത്.