Skip to content

ഇന്ത്യയ്ക്ക് വേണ്ടത് 4 വിക്കറ്റ്, ക്രീസിൽ ഷാക്കിബും മെഹദി ഹസനും, ആദ്യ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്.

ഇന്ത്യ ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്ത്യയുടെ പ്രതീക്ഷകൾക്ക് വിപരീതമായി രണ്ടാം ഇന്നിങ്സിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്ത ബംഗ്ലാദേശ് നാലാം ദിനം കളി നിർത്തുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് നേടിയിട്ടുണ്ട്.

513 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന് നാല് വിക്കറ്റ് കയ്യിൽ ശേഷിക്കെ വിജയിക്കാൻ ഇനി 241 റൺസാണ് വേണ്ടത്. 69 പന്തിൽ 40 റൺസ് നേടിയ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസനും 40 പന്തിൽ 9 റൺസ് നേടിയ മെഹിദി ഹസനുമാണ് ബംഗ്ലാദേശിന് വേണ്ടി ക്രീസിലുള്ളത്.

സെഞ്ചുറി നേടിയ അരങ്ങേറ്റക്കാരൻ സാകീർ ഹസനും 67 റൺസ് നേടിയ സഹ ഓപ്പണർ നജ്മുൾ ഷാൻ്റോയുമാണ് രണ്ടാം ഇന്നിങ്സിൽ ബംഗ്ലാദേശിന് വേണ്ടി തിളങ്ങിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 124 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. പക്ഷേ ഇരുവരും നൽകിയ തുടക്കം മുതലാക്കുവാൻ ബംഗ്ലാദേശിന് സാധിച്ചില്ല. ലിറ്റൺ ദാസ് 19 റൺസ് നേടിയപ്പോൾ മുഷ്ഫിഖുർ റഹിം 23 റൺസ് നേടി പുറത്തായി.

88 ആം ഓവറിൽ രണ്ട് വിക്കറ്റുകൾ നേടികൊണ്ട് അക്ഷർ പട്ടേലിന് മത്സരത്തിൽ ഇന്ത്യയ്ക്ക് മേൽക്കൈ സമ്മാനിച്ചത്. മൂന്ന് വിക്കറ്റുകൾ അക്ഷർ നേടിയപ്പോൾ ഉമേഷ് യാദവ്, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ രണ്ടാം ഇന്നിങ്സിൽ 258 റൺസ് നേടി ഡിക്ലയർ ചെയ്തുകൊണ്ടാണ് ഇന്ത്യ 512 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തിയത്.