Skip to content

ഒടുവിൽ കാത്തിരിപ്പ് അവസാനിച്ചു, നീണ്ട നാല് വർഷങ്ങൾക്ക് ശേഷം സെഞ്ചുറി കുറിച്ച് പുജാര

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി നേടി ഇന്ത്യയുടെ സീനിയർ ബാറ്റ്സ്മാൻ ചേതേശ്വർ പുജാര. നീണ്ട നാല് വർഷങ്ങൾക്ക് ശേഷമാണ് പുജാര സെഞ്ചുറി നേടിയിരിക്കുന്നത്.

പുജാരയുടെയും ശുഭ്മാൻ ഗില്ലിൻ്റെയും സെഞ്ചുറി മികവിൽ രണ്ടാം ഇന്നിങ്സിൽ 258 റൺസ് നേടി ഡിക്ലയർ ചെയ്ത ഇന്ത്യ ബംഗ്ലാദേശിന് മുൻപിൽ 512 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തി. ചേതേശ്വർ പുജാര 130 പന്തിൽ 102 റൺസ് നേടിയപ്പോൾ തൻ്റെ ആദ്യ സെഞ്ചുറി നേടിയ ഗിൽ 152 പന്തിൽ 110 റൺസ് നേടി. കെ എൽ രാഹുൽ 23 റൺസ് നേടി പുറത്തായപ്പോൾ കോഹ്ലി 19 റൺസ് നേടി പുറത്താകാതെ നിന്നു.

ഇതിന് മുൻപ് 2019 ജനുവരിയിൽ ഓസ്ട്രേലിയക്കെതിരെയാണ് പുജാര തൻ്റെ അവസാന സെഞ്ചുറി നേടിയത്. കഴിഞ്ഞ 52 ഇന്നിങ്സിൽ മൂന്നക്കം കടക്കുവാൻ ഇന്ത്യയുടെ സീനിയർ താരത്തിന് സാധിച്ചില്ല. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ സെഞ്ചുറിയ്ക്ക് 10 റൺസ് അകലെ 90 റൺസ് നേടി പുജാര പുറത്തായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ പത്തൊമ്പതാം സെഞ്ചുറിയാണ് മത്സരത്തിൽ പുജാര കുറിച്ചത്. പുജാരയുടെ ഏറ്റവും വേഗതയേറിയ ടെസ്റ്റ് സെഞ്ചുറി കൂടിയാണിത്.