Skip to content

ഇംഗ്ലണ്ട് വിജയിക്കുന്നത് അവരുടെ മികവ് കൊണ്ടല്ല, ഞങ്ങളുടെ പിഴവുകൾ കൊണ്ടാണ് : പാകിസ്ഥാൻ ഓപ്പണർ ഇമാം ഉൾ ഹഖ്

ഇംഗ്ലണ്ടിൻ്റെ മികവ് കൊണ്ടല്ല ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും തങ്ങൾ പരാജയപെട്ടതെന്ന് പാകിസ്ഥാൻ ഓപ്പണർ ഇമാം ഉൾ ഹഖ്. ആദ്യ രണ്ട് മത്സരങ്ങളും തങ്ങളുടെ കയ്യിൽ ലഭിച്ചിരുന്നുവെന്നും എന്നാൽ പദ്ധതികൾ നടപ്പിലാക്കുവാൻ തങ്ങൾക്ക് സാധിച്ചില്ലെന്നും പാകിസ്ഥാൻ ഓപ്പണർ പറഞ്ഞു.

റാവൽപിണ്ടിയിൽ നടന്ന ആദ്യ മത്സരത്തിൽ 74 റൺസിന് പരാജയപെട്ട പാകിസ്ഥാൻ മുൾട്ടാനിൽ നടന്ന രണ്ടാം മത്സരത്തിൽ 26 റൺസിനാണ് പരാജയപെട്ടത്. രണ്ട് മത്സരങ്ങളിലും ആതിഥേയർക്ക് വിജയിക്കാൻ അവസരമുണ്ടായിരുന്നുവെങ്കിലും മികച്ച പോരാട്ടവീര്യത്തിലൂടെയാണ് ബെൻ സ്റ്റോക്സും കൂട്ടരും പാകിസ്ഥാനെ തോൽപ്പിച്ചത്.

” റാവൽപിണ്ടിയിലെയും മുൾട്ടാനിലെയും മത്സരങ്ങൾ ഞങ്ങളുടെ കയ്യിലായിരുന്നു. നിർഭാഗ്യവശാൽ ഞങ്ങളുടെ പദ്ധതികൾ നടപ്പിലാക്കുവാൻ സാധിച്ചില്ല. അതിൽ നിരാശയുണ്ട്. ഇംഗ്ലണ്ട് മികച്ച ക്രിക്കറ്റ് കളിച്ചതുകൊണ്ടല്ല ഞങ്ങൾ തോറ്റത്, ഞങ്ങളുടെ പിഴവുകൾ കൊണ്ട് മാത്രമാണ്. ”

” ടി20 ക്രിക്കറ്റിൽ ബാബറിനെയും റിസ്വാനെയും പോലെയുള്ള ഓപ്പണർമാർ ടെസ്റ്റ് ക്രിക്കറ്റിൽ ഞങ്ങൾക്കില്ല. ഞങ്ങൾ ഞങ്ങളുടെ പദ്ധതികൾ തുടരും. ഞങ്ങളുടെ തെറ്റുകൾ കൊണ്ടാണ് ഞങ്ങൾ പരാജയപെട്ടത്. അത് സമ്മതിക്കുന്നു. കരുത്തോടെ തിരിച്ചുവരവാൻ ഞങ്ങൾ ശ്രമിക്കും. ” ഇമാം ഉൾ ഹഖ് പറഞ്ഞു.

പരമ്പരയിലെ രണ്ടാം മത്സരത്തിലും തോറ്റതോടെ പാകിസ്ഥാൻ്റെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ അവസാനിച്ചിരുന്നു. ടെസ്റ്റിൽ സ്വന്തം നാട്ടിലെ തുടർച്ചയായ മൂന്നാം തോൽവിയാണ് പാകിസ്ഥാൻ ഏറ്റുവാങ്ങിയത്. ഇതിന് മുൻപ് ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തിലും പാകിസ്ഥാൻ പരാജയപെട്ടിരുന്നു.