Skip to content

നാല് വിക്കറ്റുകൾ വീഴ്ത്തി കുൽദീപ് യാദവ്, ആദ്യ ഇന്നിങ്സിൽ തകർന്ന് ബംഗ്ലാദേശ്

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ. ഇന്ത്യയുടെ ഒന്നാമിന്നിങ്സ് സ്കോറിന് മറുപടിയായി ഇറങ്ങിയ ആതിഥേയരായ ബംഗ്ലാദേശ് ആദ്യ ഇന്നിങ്സിൽ 133 റൺസ് എടുക്കുന്നതിനിടെ എട്ട് വിക്കറ്റുകൾ നഷ്ടമായി.

13 റൺസ് നേടിയ ഇബാദത് ഹൊസൈനും 16 റൺസ് നേടിയ മെഹദി ഹസനുമാണ് ബംഗ്ലാദേശിന് വേണ്ടി ക്രീസിലുള്ളത്. ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് നാല് വിക്കറ്റും മൊഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും ഉമേഷ് യാദവ് ഒരു വിക്കറ്റും നേടി. ബംഗ്ലാദേശ് നിരയിൽ ആർക്കും തന്നെ മികവ് പുലർത്താൻ സാധിച്ചില്ല. 28 റൺസ് നേടിയ മുഷ്ഫിഖുർ റഹിമാണ് പുറത്തായവരിലെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ ഷാക്കിബ് 3 റൺസ് മാത്രം നേടി പുറത്തായി.

നേരത്തെ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 404 റൺസ് നേടി പുറത്തായിരുന്നു. 90 റൺസ് നേടിയ പുജാരയും 86 റൺസ് നേടിയ ശ്രേയസ് അയ്യരും പുറത്തായ ശേഷം വാലറ്റത്തിൽ രവിചന്ദ്രൻ അശ്വിനും കുൽദീപ് യാദവും നടത്തിയ പോരാട്ടമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. എട്ടാം വിക്കറ്റിൽ 92 റൺസ് ഇരുവരും കൂട്ടിച്ചേർത്തു.

രവിചന്ദ്രൻ അശ്വിൻ 58 റൺസ് നേടിയപ്പോൾ കുൽദീപ് യാദവ് 40 റൺസ് നേടി മികച്ച പിന്തുണ നൽകി. ബംഗ്ലാദേശിന് വേണ്ടി തൈജുൽ ഇസ്ലാം, മെഹദി ഹസൻ എന്നിവർ നാല് വിക്കറ്റ് വീതം നേടി.