Skip to content

ആദ്യ ദിനത്തിലെ അവസാന പന്തിൽ അക്ഷർ പട്ടേൽ വീണു, അയ്യരുടെയും പുജാരയുടെയും മികവിൽ തകർച്ചയിൽ നിന്നും രക്ഷപെട്ട് ഇന്ത്യ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ ദിനത്തിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യ. മുൻനിര നിരാശപെടുത്തിയപ്പോൾ ശ്രേയസ് അയ്യരുടെയും പുജാരയുടെയും മികവിലാണ് ഇന്ത്യ തകർച്ചയിൽ നിന്നും രക്ഷപ്പെട്ടത്.

ആദ്യ ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 278 റൺസ് നേടിയിട്ടുണ്ട്. ഓപ്പണർമാരായ കെ എൽ രാഹുൽ 22 റൺസും ശുഭ്മാൻ ഗിൽ 20 റൺസും നേടി പുറത്തായപ്പോൾ വിരാട് കോഹ്ലിക്ക് ഒരു റൺ നേടാനെ സാധിച്ചുള്ളൂ. റിഷഭ് പന്ത് 45 പന്തിൽ 46 റൺസ് നേടി പുറത്തായപ്പോൾ പിന്നീട് ക്രീസിലെത്തിയ ശ്രേയസ് അയ്യരാണ് പുജാരയ്ക്കൊപ്പം ചേർന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയത്.

112 റൺസ് അഞ്ചാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തു. സെഞ്ചുറിയ്ക്ക് 10 റൺസ് അകലെ 90 റൺസ് നേടി പുജാര പുറത്തായപ്പോൾ ശ്രേയസ് അയ്യർ 82 റൺസ് നേടി ക്രീസിലുണ്ട്. ആദ്യ ദിനത്തിലെ അവസാന ഓവറിലെ അവസാന പന്തിൽ അക്ഷർ പട്ടേലിനെ നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

ബംഗ്ലാദേശിന് വേണ്ടി തൈജുൽ ഇസ്ലാം മൂന്ന് വിക്കറ്റും മെഹദി ഹസൻ രണ്ട് വിക്കറ്റും ഖാലെദ് അഹമ്മദ് ഒരു വിക്കറ്റും നേടി.